ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കടുത്ത പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. സെബി മേധാവി മാധബി പുരി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് പ്രക്ഷോഭം. ഈ മാസം 22നാണ് കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം നേടിയതിന് പിന്നാലെ കോണ്‍ഗ്രസ് നടത്തുന്ന ഏറ്റവും വലിയ രാജ്യവ്യാപക പ്രക്ഷോഭമാകുമിത്.
സെബി അധ്യക്ഷ മാധബി ബുച്ചിനെ നീക്കുക, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വഷണം നടത്തുക എന്നിവയാണ് കോണ്‍ഗ്രസിന്‍റെ പ്രധാന ആവശ്യങ്ങളെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മറ്റ് മുതിര്‍ന്ന എഐസിസി, സംസ്ഥാന നേതാക്കള്‍ എന്നിവരുമായി നടത്തിയ യോഗത്തിന് ശേഷമാണ് വേണുഗോപാല്‍ ഇക്കാര്യം അറിയിച്ചത്. ജാതി സെന്‍സസ്, ഭരണഘടന സംരക്ഷണം, ക്രീമിലെയര്‍, പട്ടികജാതി, പട്ടികവര്‍ഗ ക്വാട്ട തുടങ്ങിയ വിഷയങ്ങളിലും കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തും.
അവശ്യ വസ്‌തുക്കളുടെ ഉയർന്ന വില, തൊഴിലില്ലായ്‌മ, വരുമാനക്കുറവ്, സമ്പാദ്യം, പരീക്ഷ എന്നിവയുടെ ആഘാതത്തിൽ സാധാരണക്കാരൻ ഇപ്പോഴും നട്ടംതിരിയുകയാണെന്ന വിലയിരുത്തലിൽ നിന്നാണ് സാമൂഹിക വിഷയങ്ങളിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി ആഴ്‌ചകൾക്കുശേഷം തെരുവിലിറങ്ങാനുള്ള കോൺഗ്രസ് തന്ത്രം. ചോദ്യപേപ്പര്‍ ചോർച്ചയും ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്‌ട്രീയവും പ്രക്ഷോഭത്തില്‍ ഉയര്‍ത്തിക്കാട്ടുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
2024-25ലെ ബജറ്റ് സാധാരണക്കാരുടെ കഷ്‌ടപ്പാടുകൾ ലഘൂകരിക്കാന്‍ സർക്കാരിനുള്ള അവസരമായിരുന്നു. പക്ഷേ അവർ അത് പാഴാക്കിയെന്ന് ലോക്‌സഭ എംപി ഇമ്രാന്‍ മസൂദ് പറഞ്ഞു. പ്രതിപക്ഷം തങ്ങളുടെ ആവശ്യം ആവർത്തിക്കുമെന്ന് ഭയന്ന് ഓഗസ്റ്റ് 12ന് മുമ്പ് അവർ പാർലമെന്‍റ് സമ്മേളനം നിർത്തിവച്ചു. ഏറ്റവും പുതിയ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്കെതിരായ പുതിയ ആരോപണങ്ങളെക്കുറിച്ച് ജെപിസി അന്വേഷിക്കുമെന്നും ഇമ്രാൻ മസൂദ് ഇടിവി ഭാരതിനോട് പറഞ്ഞു.