ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് മുകളില്‍ മൂന്ന് കരിമേഘങ്ങള്‍ നിഴല്‍ വിരിച്ചിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ്. ഇത് വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്ഘടനയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ എന്‍ഡിഎ സര്‍ക്കാരും നടത്തുന്ന പൊള്ളയായ അവകാശ വാദങ്ങളാണ് സാമ്പത്തിക വളര്‍ച്ചയെ തടയുന്ന പ്രധാന ഘടകമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അസാധാരണമായ തോതിലുള്ള സ്വകാര്യമേഖലയിലെ നിക്ഷേപങ്ങളും ഇന്ത്യയുടെ ഉത്പാദനമേഖലയെ തകിടം മറിക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്ത് യഥാര്‍ത്ഥ കൂലിയിലും തൊഴിലാളികളുടെ ഉത്പാദന ക്ഷമതയിലും ഉണ്ടായ ഇടിവും സമ്പദ്ഘടനയെ ബാധിച്ചിരിക്കുന്നു. 2022-23 വര്‍ഷത്തില്‍ സ്വകാര്യമേഖലയിലുണ്ടായ അസ്ഥിര നിക്ഷേപം 2023-24 സാമ്പത്തിക വര്‍ഷം പുത്തന്‍ പദ്ധതികളുടെ പ്രഖ്യാപനത്തില്‍ 21ശതമാനം കുറവുണ്ടാക്കിയെന്നും രാജ്യസഭാംഗമായ അദ്ദേഹം എക്‌സില്‍ പങ്കുവച്ചകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ സര്‍ക്കാരിന്‍റെ അസ്ഥിര നയരൂപീകരണവും റെയ്‌ഡ് രാജും ഇന്ത്യന്‍ ഉപഭോഗ വിപണിയില്‍ നിക്ഷേപകര്‍ക്ക് അനിശ്ചിതത്വം സൃഷ്‌ടിച്ചു. 2022-23 വര്‍ഷത്തില്‍ കൊവിഡിനെ തുടര്‍ന്ന് പിന്നാക്കം പോയ സ്വകാര്യമേഖല നിക്ഷേപം പിന്നീട് തികച്ചും അസ്ഥിരമായ രീതിയില്‍ തിരികെ വന്നു. നിക്ഷേപകരുടെ ആത്മവിശ്വാസമില്ലായ്‌മയാണ് പദ്ധതി പ്രഖ്യാപനങ്ങളില്‍ ഇടിവുണ്ടാക്കിയത്.
ഇന്ത്യ ഇന്‍ക് പോലുള്ള ഇന്ത്യയിലെ ഔദ്യോഗിക മേഖലകള്‍ വരുമാന വളര്‍ച്ചയെക്കാള്‍ ഓഹരി മൂല്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നി. ഇതെല്ലാം ഇന്ത്യയുടെ മധ്യ-ദീര്‍ഘകാല സമ്പദ്ഘടനയെ സാരമായി ബാധിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക