ന്യൂഡല്‍ഹി:ഇന്ത്യാ സഖ്യത്തിന്‍റെ കാതല്‍ തങ്ങള്‍ തന്നെയെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്ത്. രാഹുല്‍ ഗാന്ധി തന്നെയാണ് പ്രതിപക്ഷനിരയെ നയിക്കാന്‍ കരുത്തുറ്റ നേതാവെന്നും കോണ്‍ഗ്രസ്. സമാദ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, രാഷ്‌ട്രീയ ജനതാദള്‍ തുടങ്ങിയ കക്ഷികളുടെ നേതൃമാറ്റ ആവശ്യവും കോണ്‍ഗ്രസ് തള്ളി.
രാഹുലിനെതിരെയുള്ള ഇത്തരം ശബ്‌ദങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്തോഷഭരിതനാക്കും. കാരണം പാര്‍ലമെന്‍റിനകത്തും പുറത്തും നിരവധി വിഷയങ്ങളുയര്‍ത്തി അദ്ദേഹത്തെ നിരന്തരം കടന്നാക്രമിക്കുന്നത് പ്രതിപക്ഷ നേതാവായ രാഹുലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
2024ലെ മഹാരാഷ്‌ട്ര നിയമസഭയില്‍ ഇന്ത്യ സഖ്യം ദയനീയ തോല്‍വി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് നേതൃത്വമാറ്റം സംബന്ധിച്ച മുറവിളികള്‍ സഖ്യത്തില്‍ ശക്തമായത്. ഹരിയാനയിലും ജമ്മുകശ്‌മീരിലും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്‌ചവയ്ക്കാനായിരുന്നില്ല. ജാര്‍ഖണ്ഡില്‍ മാത്രമാണ് പ്രതിപക്ഷത്തിന് തുടര്‍ച്ചയായ രണ്ടാം തവണയും അധികാരം പിടിക്കാനായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് കേവലം മാസങ്ങള്‍ക്കിപ്പുറം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ എന്ന നിലയില്‍ ഈ നാല് സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഏറെ നിര്‍ണായകമായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം 543 സീറ്റുകളില്‍ 234 സീറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്‌ച വച്ചിരുന്നു. ബിജെപി നയിച്ച ദേശീയ ജനാധിപത്യ സഖ്യത്തിന് കേവലം 292 സീറ്റുകളേ നേടാനായുള്ളൂ. 2019ലെ 52 സീറ്റുകള്‍ കോണ്‍ഗ്രസ് ഇരട്ടിയാക്കി. അതേസമയം കാവിപ്പാര്‍ട്ടി 303ല്‍ നിന്ന് 240ലേക്ക് ചുരുങ്ങി. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ജെഡിയുവിന്‍റെയും ടിഡിപിയുടെയും സഹായം വേണ്ടി വന്നു.
സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വി സഖ്യകക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ കാരണമായി. എസ്‌പി നേതാവ് രാം ഗോപാല്‍ യാദവാണ് ആദ്യമായി രാഹുലിനെതിരെ ശബ്‌ദമുയര്‍ത്തിയത്. പല വലിയ സംസ്ഥാനങ്ങളിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് ആയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിന്നാലെ ഇന്ത്യാ സഖ്യത്തെ നയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ സഖ്യത്തില്‍ ചേരാന്‍ വിസമ്മതിച്ചിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ഇതിനെ പിന്തുണച്ച് ആര്‍ജെഡി സ്ഥാപകന്‍ ലാലുപ്രസാദ് യാദവ് രംഗത്തെത്തി.