കേരളം

kerala

ETV Bharat / bharat

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്: അട്ടിമറി സാധ്യത? പ്രവര്‍ത്തകര്‍ ജാഗരൂകരാകണമെന്ന് കോണ്‍ഗ്രസ് - Congress Alerts on Haryana Election - CONGRESS ALERTS ON HARYANA ELECTION

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ കോൺഗ്രസ് അവലോകനം യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ പരമാവധി പോളിങ് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്ന് നേതാക്കള്‍. ഭരണ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നത് നിരീക്ഷിക്കണമെന്ന് ബൂത്ത് ലെവൽ ടീമുകൾക്ക് നിര്‍ദേശം.

HARYANA Assembly Election 2024  ASSEMBLY ELECTION  CONGRESS In Haryana Election  ഹരിയാന തെരഞ്ഞെടുപ്പ് നാളെ
Priyanka Gandhi And Rahul Gandhi (IANS)

By ETV Bharat Kerala Team

Published : Oct 4, 2024, 5:14 PM IST

Updated : Oct 4, 2024, 5:26 PM IST

ന്യൂഡല്‍ഹി: ഒക്‌ടോബർ 5ന് നടക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ ഇന്ന് (ഒക്‌ടോബര്‍ 4) കോൺഗ്രസ് അവലോകനം യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ പരമാവധി പോളിങ് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതും അട്ടിമറിക്കുന്നതും നിരീക്ഷിക്കണമെന്നും ബൂത്ത് ലെവൽ ടീമുകളോട് യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ ഉണ്ടായാൽ ഉടനടി പരിഹരിക്കാൻ എല്ലാ നിയമസഭ സീറ്റുകളിലും നിയമ വിദഗ്‌ധരെ വിന്യസിച്ചിട്ടുണ്ടെന്നും അവലോകന യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

“ഇത് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഭരണകക്ഷിയായ ബിജെപി ഭരണസംവിധാനം തെരഞ്ഞെടുപ്പ് ദിവസം ദുരുപയോഗം ചെയ്യുമെന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു. അതിനാൽ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ഞങ്ങൾ അവലോകനം ചെയ്യുകയും ഒക്ടോബർ 5ന് പരമാവധി പോളിങ് ഉറപ്പാക്കാൻ എല്ലാ ബൂത്ത് ലെവൽ ടീമുകളോട് ആവശ്യപ്പെടുകയും ചെയ്‌തു. കനത്ത പോളിങ് ഞങ്ങൾക്ക് അനുകൂലമാകുമെന്ന് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മനോജ് ചൗഹാൻ ഇടിവി ഭാരതിനോട് പറഞ്ഞു.

പോളിങ്ങിലെ അട്ടിമറി നിരീക്ഷിക്കാൻ നിയമവിദഗ്‌ധര്‍

"മുഴുവന്‍ നിയമസഭ സീറ്റുകളിലും ഞങ്ങൾ അഭിഭാഷകരുടെ ടീമുകളെ ഏര്‍പ്പെടുത്താറുണ്ട്, എതിര്‍ പാര്‍ട്ടികളില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കോണ്‍ഗ്രസ് അനുകൂല അഭിഭാഷകര്‍ക്ക് ജില്ല മജിസ്‌ട്രേറ്റുകളിലെത്തി ഉടനടി നിയമ നടപടികള്‍ സ്വീകരിക്കാനാകും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാരെ പോലെ തന്നെയാണ് കോണ്‍ഗ്രസ് ചുമതലപ്പെടുത്തുന്ന അഭിഭാഷകരും പ്രവര്‍ത്തിക്കുന്നതെന്ന് മനോജ് ഇടിവി ഭാരതിനോട് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കള്‍ ഡല്‍ഹിയിലെ നാഷണല്‍ വാര്‍ റൂമില്‍ വച്ച് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് നിരീക്ഷിക്കും. സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമായി സംവദിക്കാനും തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനും ചണ്ഡീഗഡിലെ സ്റ്റേറ്റ് വാർ റൂമും നാളെ (ഒക്‌ടോബര്‍ 5) പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം വിജയിക്കണമെങ്കില്‍ പരമാവധി പോളിങ് ഉറപ്പാക്കാൻ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദേശം നല്‍കിയതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ഹരിയാനയില്‍ ഇനി കോണ്‍ഗ്രസ് ഭരണമെന്ന് പ്രതാപ് സിങ് ബജ്‌വ

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എഐസിസി നിരീക്ഷകരായി മൂന്ന് മുതിർന്ന നേതാക്കളായ അശോക് ഗെഹ്‌ലോട്ട്, അജയ് മാക്കൻ, പ്രതാപ് സിങ് ബജ്‌വ എന്നിവരെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയോഗിച്ചിരുന്നത്. ഹരിയാനയിലെ എഎപി സ്ഥാനാര്‍ഥികള്‍ പോലും കോണ്‍ഗ്രസിനൊപ്പം ചേരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്‌വ പ്രതികരിച്ചു. ഹരിയാനയിലെ നിലോഖേരി സീറ്റില്‍ നിന്നുള്ള എഎപി സ്ഥാനാർഥിയും അതെലി സീറ്റിൽ നിന്നുള്ള എഎപി സ്ഥാനാർത്ഥിയും കോണ്‍ഗ്രസിനൊപ്പം ചേർന്നുവെന്നും കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്കുള്ള പിന്തുണയുടെ ഭാഗമാണ് ഇതെന്നും ബജ്‌വ ഇടിവി ഭാരതിനോട് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന സമയത്ത് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരോട് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ക്രൂരമായി പെരുമാറിയത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റോഡ്‌ ഷോയ്ക്ക് ശേഷം ഹരിയാനയിൽ കോൺഗ്രസ് തരംഗമാണ്.

തെരഞ്ഞെടുപ്പ് ഏകപക്ഷീയമായി കോണ്‍ഗ്രസിന് അനുകൂലമായി മാറിയെന്ന് താൻ കരുതുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഫലം പൂര്‍ണമായും ലഭിക്കണമെന്നും പരമാവധി പേരെ പോളിങ് സ്റ്റേഷനില്‍ എത്തിക്കാൻ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധിക്കുമെന്നും പ്രതാപ് സിങ് ബജ്‌വ ഇടിവി ഭാരതിനോട് പറഞ്ഞു. ഹരിയാന നിയമസഭയിലെ 90 അംഗ സീറ്റിലേക്കാണ് നാളെ (ഒക്‌ടോബര്‍ 5) തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 8ന് ഫലം പ്രഖ്യാപിക്കും. നിലവില്‍ ബിജെപിയാണ് ഹരിയാന ഭരിക്കുന്നത്.

Read Also:ജനങ്ങൾ കോൺഗ്രസിനൊപ്പം; ഹരിയാനയിലും ജമ്മു കശ്‌മീരിലും തൂത്തുവാരുമെന്ന് കെസി വേണുഗോപാൽ

Last Updated : Oct 4, 2024, 5:26 PM IST

ABOUT THE AUTHOR

...view details