ന്യൂഡൽഹി :തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്‌ച നടത്തി. സംസ്ഥാനത്തെ പ്രശ്‌നങ്ങളെ കുറിച്ചും വിഭജന വാഗ്‌ദാനങ്ങളെ കുറിച്ചും പ്രധാനമന്ത്രിയോട് പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. കൽക്കരി ഖനികൾ നേരിട്ട് സിംഗരേണിക്ക് അനുവദിച്ചത് മുതൽ ഐടിഐആർ, ബയ്യാരം ഉരുക്ക് വ്യവസായ പ്രശ്‌നങ്ങൾ എന്നിവയും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ചയ്ക്ക് 12.30 നാണ് പ്രധാനമന്ത്രിയുടെ വസതിയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എത്തിയത്. സംസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രിയുമായി ഒരു മണിക്കൂറോളം അദ്ദേഹം ചർച്ച ചെയ്‌തു. പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ചയിൽ ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്കയും പങ്കെടുത്തു.
സിംഗരേണിയുടെ സമീപ പ്രദേശത്തെ കൽക്കരി ഖനികൾ അനുവദിക്കണമെന്നും നിലവിൽ ലേലം ചെയ്‌തിരിക്കുന്ന ശ്രാവണപള്ളി കൽക്കരിപ്പാടം ലേലപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചു. ഇവ കൂടാതെ ഗോദാവരി വാലി കൽക്കരി ശേഖരണ മേഖലയിലെ കോയഗുഡെം, സത്തുപള്ളി ബ്ലോക്കിലെ മൂന്ന് ഖനികളും സിംഗരേണിക്ക് അനുവദിക്കണമെന്ന് രേവന്ത് റെഡ്ഡി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
ഹൈദരാബാദിൽ ഐടിഐആർ പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലും ഐഐഎം സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നയപരമായ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ തെലങ്കാനയ്ക്ക് ഐഐഎം അനുവദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്തി.