ന്യൂഡല്‍ഹി:സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായ ഡി വൈ ചന്ദ്രചൂഡ് നാളെ (നവംബര്‍ 10) വിരമിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തി ദിവസം. എട്ടരവര്‍ഷത്തെ കാലയളവിനിടെ പല സുപ്രധാന വിധികളും ചീഫ് ജസ്‌റ്റിസ് ചന്ദ്രചൂഡ് പുറപ്പെടുവിച്ചിരുന്നു. അഭിഭാഷകൻ, സുപ്രീംകോടതി ജഡ്‌ജി, രാജ്യത്തിന്‍റെ ജുഡീഷ്യറി തലവൻ എന്നീ നിലകളിൽ ദീർഘനാളത്തെ അഭിഭാഷക ജീവതമായിരുന്നു അദ്ദേഹത്തിന്‍റേത്. ഞായറാഴ്‌ച സ്ഥാനമൊഴിയുന്ന ചന്ദ്രചൂഡ് 500-ലധികം വിധിന്യായങ്ങൾ പുറപ്പെടുവിച്ചു. ചില വിധികള്‍ പുരോഗമനത്തിലേക്ക് നയിച്ചപ്പോള്‍, ചില വിധികള്‍ തര്‍ക്കങ്ങളിലേക്കും വിവാദങ്ങളിലേക്കും വഴിവച്ചിരുന്നു.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച 2018 ലെ വിധി, പരസ്‌പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ക്കുറ്റമല്ലാതാക്കല്‍, അയോധ്യ-ബാബരി മസ്‌ജിദ് തർക്ക ഭൂമിയിലെ വിധി, ആർട്ടിക്കിൾ 370 റദ്ദാക്കൽ, സ്വകാര്യത മൗലികാവകാശമാക്കല്‍, വിവാഹേതര ബന്ധം ക്രിമിനല്‍ക്കുറ്റമല്ലാതാക്കല്‍, പട്ടികജാതി പട്ടികവര്‍ഗങ്ങളില്‍ ഉപവിഭാഗം തിരിച്ച് പ്രത്യേകം സംവരണത്തിന് അനുമതി നല്‍കല്‍, 24 ആഴ്‌ച വരെ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അവിവാഹിതകള്‍ക്കും അവകാശം നല്‍കല്‍, തെരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കല്‍ തുടങ്ങിയവ അദ്ദേഹത്തിന്‍റെ സുപ്രധാന വിധികളാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്വകാര്യതയ്ക്കുള്ള അവകാശം സംബന്ധിച്ച വിധി
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് 2017 ഓഗസ്‌റ്റ് സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വിധിച്ചു. സ്വകാര്യത സ്വാതന്ത്ര്യത്തിനും അന്തസിനും അന്തർലീനമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്‌റ്റിസ് ചന്ദ്രചൂഡാണ് വിധി പ്രസ്‌താവിച്ചത്. ഡാറ്റ സംരക്ഷണം, ആധാർ, വ്യക്തിസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട മറ്റ് വിധിന്യായങ്ങളെ ഈ തീരുമാനം സ്വാധീനിച്ചിട്ടുണ്ട്.
സ്വവർഗരതി സംബന്ധിച്ചുള്ള വിധി
2018 സെപ്‌തംബർ 6-ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് ഉഭയകക്ഷി സമ്മതത്തോടെയുള്ള സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കി ഇന്ത്യൻ സുപ്രീംകോടതി റദ്ദാക്കി. പ്രായപൂർത്തിയായവർ തമ്മിലുള്ള സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന 158 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 377 ആണ് ഭാഗികമായി റദ്ദാക്കിയത്. ലൈംഗികത മനുഷ്യന്‍റെ അന്തർലീനമായ ഘടകമാണെന്ന് അഞ്ച് ജഡ്‌ജിമാരുടെ പാനൽ തീരുമാനിച്ചു. വിഷയത്തില്‍ വിധി പ്രസ്‌താവിച്ചത് ചന്ദ്രചൂഡായിരുന്നു.