റായ്‌പൂർ (ഛത്തീസ്‌ഗഡ്) :ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ ചൊവ്വാഴ്‌ച (02-04-2024) സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു. ഏപ്രിൽ 19 -ന് പൊതുതെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ബസ്‌തർ ലോക്‌സഭാ മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയാണ് ബീജാപൂർ. ഗംഗളൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ലെന്ദ്ര ഗ്രാമത്തിനടുത്തുള്ള വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
രാവിലെ 6 മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ നക്‌സലൈറ്റുകൾ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസ് (ബസ്‌തർ റേഞ്ച്) സുന്ദർരാജ് പി പറഞ്ഞു. ജില്ലാ റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്, അതിന്‍റെ എലൈറ്റ് യൂണിറ്റ് കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ (കോബ്രാ) എന്നിവയിലെ ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ പങ്കെടുത്തതായും അദ്ദേഹം അറിയിച്ചു.
വെടിവയ്പ്പ് നിലച്ചതിന് ശേഷം നാല് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങളും ഒരു ലൈറ്റ് മെഷീൻ ഗണ്ണും മറ്റ് ആയുധങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് കുടൂതല്‍ പരിശോധന നടത്തുമ്പോഴാണ് അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും ഐജി അറിയിച്ചു. മാത്രമല്ല ഏറ്റുമുട്ടലിൽ പങ്കെടുത്ത സൈനികരെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.