ഹൈദരാബാദ് :രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന 'ബാങ്കേഴ്‌സ് ബാങ്ക്' ആയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അതിന്‍റെ 90-ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്‌ട് പ്രകാരം സ്ഥാപിതമായ ആർബിഐ 1935 ഏപ്രിൽ 1 മുതലാണ് പ്രവർത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1949-ൽ ആര്‍ബിഐ ദേശസാൽക്കരിക്കപ്പെട്ടു.
ഉത്ഭവ ഘട്ടത്തില്‍ കൽക്കട്ട (ഇപ്പോഴത്തെ കൊൽക്കത്ത) ആയിരുന്നു ആര്‍ബിഐയുടെ ഹെഡ് ഓഫിസ്. പിന്നീട് 1937-ൽ ബോംബെയിലേക്ക് (ഇപ്പോഴത്തെ മുംബൈ) ഹെഡ് ഓഫിസ് മാറ്റി സ്ഥാപിക്കപ്പെട്ടു. ഇന്ത്യയില്‍ ഒരു മെച്ചപ്പെട്ട സാമ്പത്തിക മാനേജ്‌മെന്‍റ് കൊണ്ടു വരിക എന്ന ഉദ്ദേശത്തോടെയായിരുന്നു ആര്‍ബിഐയുടെ രൂപീകരണം. വികസ്വര രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾക്കിടയിൽ ആർബിഐക്ക് ഇന്ന് സമാനതകളില്ലാത്ത വിശ്വാസ്യതയാണുള്ളത്. ലോക രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകളുടെ പ്രായം കണക്ക് കൂട്ടുമ്പോള്‍ 90 വയസായ ആർബിഐ യഥാർഥത്തിൽ ചെറുപ്പ കാലഘട്ടത്തിലാണ്.
1668-ൽ സ്ഥാപിതമായ സ്വീഡനിലെ റിക്‌സ് ബാങ്കാണ് ലോകത്തെ ആദ്യത്തെ സെൻട്രൽ ബാങ്ക്. 1694-ലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥാപിതമാകുന്നത്. ഇവ രണ്ടും, ആർബിഐ പോലെതന്നെ സർക്കാർ കടം വാങ്ങലുകള്‍ക്കായുള്ള ജോയിന്‍റ് സ്‌റ്റോക്ക് കമ്പനികളായാണ് സ്ഥാപിക്കപ്പെടുന്നത്. 1800-ൽ നെപ്പോളിയൻ ഫ്രാൻസിന്‍റെ സെൻട്രൽ ബാങ്കായ ബാങ്ക് ഡി ഫ്രാൻസിന് രൂപം നല്‍കി.
അമിത പണപ്പെരുപ്പം സ്ഥിരപ്പെടുത്തുക, സർക്കാരിനെ സഹായിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ബാങ്ക് ഡി ഫ്രാൻസ് സ്ഥാപിതമാകുന്നത്. പിന്നെയും വളരെ വൈകിയാണ് യുഎസ് ഫെഡറൽ റിസർവ് എത്തുന്നത്. ഇരുപതാം നൂറ്റാണ്ടിലായിരുന്നു ഇത്. ഫലപ്രദമായ മോണേറ്ററി പോളിസി മാനേജ്‌മെന്‍റ്, കറൻസി, ബാങ്കിങ് പ്രവർത്തനങ്ങൾ എന്നിവയാണ് ഇപ്പോള്‍ സെൻട്രൽ ബാങ്കുകൾ പ്രധാന ചുമതല.
പണപ്പെരുപ്പമെന്ന വെല്ലുവിളി :1914 വരെ, ബാങ്കിങ്ങും ലോക വ്യാപാരവും സങ്കീർണമല്ലാതിരുന്നതിനാല്‍ സെൻട്രൽ ബാങ്കുകളുടെ പ്രവര്‍ത്തനം വളരെ സുഗമമായിരുന്നു. വികസിത രാജ്യങ്ങളില്‍, സ്വർണ ശേഖരത്തിലെ ഇടിവ് രാജ്യത്തിന്‍റെ കറൻസി ദുർബലമാകുന്നതിനും കേന്ദ്ര ബാങ്കുകളുടെ പലിശനിരക്കുകൾ വർധിപ്പിക്കുന്നതിനും ഇടയാക്കുന്ന സാഹചര്യം അക്കാലത്തും ഉണ്ടായിരുന്നു.
ഇന്ത്യയെ പോലെ, മറ്റ് രാജ്യങ്ങളുടെ കോളനികളായിരുന്ന രാജ്യങ്ങളിൽ പ്രാദേശിക കറൻസി മാതൃ കോളനിയുമായി ബന്ധപ്പെട്ട് കിടക്കുകയായിരുന്നു. ആർബിഐ സ്ഥാപിക്കുന്നതിന് മുമ്പ് ഇന്ത്യയിൽ ബാങ്ക് ഓഫ് ബംഗാൾ, ബാങ്ക് ഓഫ് മദ്രാസ്, ബാങ്ക് ഓഫ് ബോംബെ എന്നീ മൂന്ന് പ്രസിഡൻസി ബാങ്കുകളാണ് ഉണ്ടായിരുന്നത്. 1935-ൽ അവ ലയിപ്പിച്ച് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ രൂപീകരിക്കുകയും പിന്നീട് ഇത് ദേശസാൽക്കരിക്കുകയും ചെയ്‌തു. ഇതാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് നാമകരണം ചെയ്യപ്പെട്ടത്.
ആര്‍ബിഐ രൂപീകരിക്കുന്നത് വരെ കറൻസി മാനേജ്‌മെന്‍റ് ബ്രിട്ടീഷ് ഇന്ത്യൻ ഗവൺമെന്‍റ് നേരിട്ട് ഏറ്റെടുത്ത് നടത്തുകയാണുണ്ടായത്. പ്രസിഡൻസി ബാങ്കുകൾക്ക് ഗവൺമെന്‍റിനെ പ്രതിനിധീകരിച്ച് വായ്‌പയെടുക്കാനും സർക്കാരിന് വേണ്ടി ബാങ്കിങ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുമുള്ള ചുമതല നൽകി. ആദ്യ ദശകങ്ങളിൽ, കാർഷികോത്പന്നങ്ങളുടെ വിലയിൽ ജാഗ്രത പാലിക്കുക എന്നതായിരുന്നു ആർബിഐയുടെ പ്രധാനപ്പെട്ട ചുമതല.
1991 ലെ ഉദാരവത്‌കരണം വരെയുള്ള കാലഘട്ടത്തില്‍ ആർബിഐയുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം പണപ്പെരുപ്പം നിയന്ത്രിക്കുക, കൃഷിക്കും വ്യവസായത്തിനും ആവശ്യമായ മൂലധനം ലഭ്യമാണെന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു. പഞ്ചവത്സര പദ്ധതികൾക്ക് കീഴിലുള്ള സാമ്പത്തിക മാതൃകയുടെ ഭാഗമായാണ് യൂണിയൻ ഓഫ് ഇന്ത്യയുമായി ചേർന്ന് ഈ ദൗത്യം ആര്‍ബിഐ ഏറ്റെടുത്തത്.
ഉദാരവത്‌കരണത്തിന് തൊട്ടുമുമ്പ് ആർബിഐക്ക് മല്ലിടേണ്ടി വന്നത് നിരന്തരം വർധിച്ച് കൊണ്ടിരിക്കുന്ന ധനക്കമ്മിയോടും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രിത സ്വഭാവം മൂലമുണ്ടായ വിഭവ സമാഹരണത്തിനുള്ള ബുദ്ധിമുട്ടിനോടുമാണ്. 1984-85 ലെ ജിഡിപിയുടെ 8.8 ശതമാനമായിരുന്ന കേന്ദ്ര-സംസ്ഥാന സംയുക്ത ധനക്കമ്മി 1990-91ൽ ജിഡിപിയുടെ 9.4 ശതമാനമായി ഉയര്‍ന്നത് ഈ വെല്ലുവിളി അടിവരയിടുന്നതാണ്.
ഗൾഫ് യുദ്ധ സമയത്ത് എണ്ണവിലയിലുണ്ടായ വർധനവും പണമിടപാടിനെ സമ്മർദത്തിലാക്കി. വിദേശ നാണ്യത്തിന്‍റെ ദൗർലഭ്യവും തുടർന്നുള്ള സമ്പദ്‌വ്യവസ്ഥയുടെ ഉദാരവത്‌കരണവും മറികടക്കാൻ ആര്‍ബിഐക്ക് ഐഎംഎഫിൽ സ്വർണം പണയം വയ്‌ക്കേണ്ടി വന്നു. സാമ്പത്തിക ഉദാരവത്‌കരണത്തിന് ശേഷം പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിലും നിക്ഷേപകരുടെ സംരക്ഷണത്തിനുമുള്ള ആർബിഐയുടെ ദൗത്യം നിര്‍ണായകമായിരുന്നു.
പുതിയ വെല്ലുവിളികൾ :കറൻസി സ്ഥിരപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏതൊരു സാമ്പത്തിക നയത്തിനും വ്യാപാരത്തിന്‍റെയും വിദേശ നാണയത്തിന്‍റെ ഒഴുക്കിന്‍റെയും സൂക്ഷ്‌മ നിരീക്ഷണം ആവശ്യമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി ഇനം എണ്ണയായത് കൊണ്ടും അത് ഡോളറിൽ വിനിമയം നടത്തുന്നതിനാലും വിദേശനാണ്യ സ്രോതസുകൾ കൈകാര്യം ചെയ്യുന്നതിൽ ആർബിഐക്ക് എപ്പോഴും ഒരു പ്രതിസന്ധിയുണ്ട്.
എണ്ണയുടെ അന്താരാഷ്‌ട്ര വ്യാപാരം യുഎസ് ഡോളറിലാണ് നടക്കുക. മാത്രമല്ല, എണ്ണയ്ക്ക് ഏറ്റവും അസ്ഥിരമായ ഇനം എന്ന ഖ്യാതിയുമുണ്ട്. 2011 മുതൽ ഇന്ത്യ ഒരു വർഷം ഇറക്കുമതി ചെയ്‌തത് ശരാശരി 10 ലക്ഷം കോടി രൂപയുടെ എണ്ണയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് യഥാക്രമം 12 ലക്ഷം, 16 ലക്ഷം കോടി രൂപയായിരുന്നു. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശവും തുടർന്നുള്ള യുഎസ് ഉപരോധങ്ങളും ഈ ഇറക്കുമതികളും അവയുടെ പേമെന്‍റുകളും കൂടുതൽ സങ്കീർണമാക്കി.