ന്യൂഡല്‍ഹി:കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ കൂടി രൂപീകരിക്കാൻ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയത്. നിലവില്‍ ലേ, കാര്‍ഗില്‍ എന്നീ രണ്ട് ജില്ലകളാണ് ലഡാക്കിലുള്ളത്.
സൺസ്‌കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്‌താങ് എന്നിവയാണ് പുതിയ ജില്ലകള്‍. വികസിത ലഡാക്ക് എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നത്തിന്‍റെ ഭാഗമായാണ് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതെന്ന് അമിത് ഷാ എക്‌സില്‍ കുറിച്ചു. പുതിയ ജില്ലകള്‍ വരുന്നതോടെ ലഡാക്കിലെ ജനതയ്‌ക്ക് തങ്ങളുടെ വീട്ടുവാതില്‍ക്കല്‍ ആനുകൂല്യങ്ങള്‍ എത്തും.
ഇതിലൂടെ പ്രദേശത്തിന്‍റെ ഓരോ ഭാഗത്തും ഭരണം ശക്തിപ്പെടുത്താൻ കഴിയുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. മോദി സര്‍ക്കാര്‍ ലഡാക്കിലെ ജനങ്ങള്‍ക്ക് അവസരങ്ങളും സാധ്യതകളും ഒരുക്കി നല്‍കാൻ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലഡാക്കിനെ പ്രത്യേക സംസ്ഥാനമാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ലേ അപെക്‌സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് കാല്‍നടയാത്ര നടത്താനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ണായക നീക്കം. സെപ്റ്റംബര്‍ ഒന്നിനാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള നേതാക്കളുടെ മാര്‍ച്ച് ആരംഭിക്കുന്നത്. ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
Also Read :ഗുജറാത്തില്‍ പെരുമഴ; കേന്ദ്ര സഹായം ഉറപ്പ് നല്‍കി അമിത് ഷാ; മുഖ്യമന്ത്രിയുമായി സംസാരിച്ചു