ന്യൂഡല്‍ഹി :സംസ്ഥാനങ്ങളുടെ അനിയന്ത്രിതമായ കടമെടുപ്പ് രാജ്യത്തിന്‍റെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കുന്നുവെന്ന് സുപ്രീംകോടതിയോട് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന്‍റെ കടമെടുപ്പ് രാജ്യത്തിന്‍റെ ക്രെഡിറ്റ് റേറ്റിങ്ങില്‍ വിള്ളലുകള്‍ വീഴ്‌ത്തിയെന്നും അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി പറഞ്ഞു. കടമെടുപ്പ് സംബന്ധിച്ച് കേരളം സമര്‍പ്പിച്ച ഹര്‍ജിക്ക് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.
രാജ്യത്തെ സാമ്പത്തിക നിര്‍വഹണം ഒരു ദേശീയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഉത്‌പാദനക്ഷമമല്ലാത്ത ചെലവുകള്‍ക്കും സബ്‌സിഡികള്‍ അനുവദിക്കുന്നതിനും വേണ്ടിയെല്ലാം കേരളം അശ്രദ്ധമായി കടമെടുക്കുകയാണ്. ഈ രീതി തുടര്‍ന്നാല്‍ അത് വിപണിയില്‍ നിന്നും വായ്‌പയെടുക്കുന്നതിന് തിരിച്ചടിയാകുമെന്നും വെങ്കിട്ടരമണി കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
'സംസ്ഥാനങ്ങളുടെ കടമെടുപ്പ് രാജ്യത്തെ മുഴുവനായും ബാധിക്കും. ഏതെങ്കിലും സംസ്ഥാനം കടം വീട്ടുന്നതില്‍ വീഴ്‌ച വരുത്തിയാല്‍ അത് രാജ്യത്തിന്‍റെ പ്രശസ്‌തിയെ തന്നെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല അത് രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിരത അപകടത്തിലാക്കുകയും ചെയ്യും' എന്നാണ് വെങ്കിട്ടരമണി നല്‍കിയ കുറിപ്പില്‍ പറയുന്നത്. സംസ്ഥാനങ്ങള്‍ ഇത്തരം അവസ്ഥ തുടരുകയാണെങ്കില്‍ സ്വകാര്യ വ്യവസായങ്ങളുടെ കടമെടുപ്പ് ചെലവ് അധികരിക്കും. മാത്രമല്ല അത് രാജ്യത്തെ ഉത്‌പാദനത്തെയും വിതരണത്തെയുമെല്ലാം ബാധിക്കും. കൂടാതെ ഇത് രാജ്യത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയാകും.
ഏത് സ്രോതസുകളില്‍ നിന്നും കടമെടുക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടേണ്ടതുണ്ട്. അത്തരത്തില്‍ അനുമതി തേടുമ്പോള്‍ കേന്ദ്രം കടമെടുപ്പിന് പരിധി നിശ്ചയിക്കുമെന്നും ആർട്ടിക്കിൾ 293(4) ഉദ്ധരിച്ച് എജി വെങ്കിട്ടരമണി പറഞ്ഞു. ഫിനാന്‍സ് കമ്മിഷന്‍റെ നിര്‍ദേശ പ്രകാരം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വിവേചന രഹിതവും സുതാര്യവുമായാണ് മുന്നോട്ട് നീങ്ങുന്നതെന്നും വെങ്കിട്ടരമണി കുറിപ്പില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിക്ക് കേന്ദ്രം പരിധി നിശ്ചയിച്ചതിന് പിന്നാലെ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോടതി കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രീംകോടതിക്ക് വിശദീകരണം നല്‍കിയത്.