കേരളം

kerala

ETV Bharat / bharat

പൗരത്വ നിയമഭേദഗതി പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്തിറങ്ങി

പൗരത്വ നിയമഭേദഗതി പ്രാബല്യത്തിൽ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തു.

Narendra Modi
Narendra Modi

By ETV Bharat Kerala Team

Published : Mar 11, 2024, 6:19 PM IST

Updated : Mar 11, 2024, 6:33 PM IST

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി പ്രാബല്യത്തിലായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തു. വിജ്ഞാപനപ്പ്രകാരം നിശ്ചിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയാർത്ഥികളായെത്തിയ ആറ് വിഭാഗക്കാർക്ക് പൗരത്വം ലഭിക്കും. പാകിസ്‌ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്‌ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്കാകും പൗരത്വം നല്‍കുക.

ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഈ ആഴ്‌ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ പരക്കവെയാണ് കേന്ദ്ര സർക്കാരിന്‍റെ നിർണായക പ്രഖ്യാപനം പുറത്തുവരുന്നത്.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല.

സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.

പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സിഎഎ നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും, വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു.

Last Updated : Mar 11, 2024, 6:33 PM IST

ABOUT THE AUTHOR

...view details