ലക്‌നൗ: ഷോപ്പിങ് മാളിലെ സീലിങ് തകർന്ന് രണ്ട് പേർ മരിച്ചു (Two killed after ceiling collapses in Noida shopping mall). ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഗാലക്‌സി ബ്ലൂ സഫയർ മാളിൽ ഇന്ന് രാവിലെയാണ് സംഭവം. ഹരേന്ദ്ര ഭാട്ടി (35), ഷക്കീൽ (35) എന്നിവരാണ് മരിച്ചത്. ഗസിയാബാദിലെ വിജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നവരാണ് ഇരുവരും.
താഴത്തെ നിലയിൽ നിന്നും എസ്‌കലേറ്ററിലേക്ക് കയറാൻ പോവുകയായിരുന്ന രണ്ട് പേരുടെ ശരീരത്തിലേക്ക് കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്നും സീലിങ് തകർന്നു വീഴുകയായിരുന്നുവെന്ന് സെൻട്രൽ നോയിഡ അഡിഷണൽ ഡിസിപി ഹൃദേഷ് കതേരിയ പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.