മധ്യപ്രദേശ് : ഛത്തർപൂരിലെ നാഷണൽ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ജനറൽ മാനേജരെയും പ്രോജക്‌ട് ഡയറക്‌ടറെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) അറസ്‌റ്റ് ചെയ്‌തു. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്‌റ്റ്. കൈക്കൂലി വാങ്ങിയ കേസിൽ എൻഎച്ച്എഐ കൺസൾട്ടന്‍റിനെയും റസിഡന്‍റ് എഞ്ചിനീയറെയും, സ്വകാര്യ കമ്പനിയിലെ നാല് ജീവനക്കാരെയും ഉൾപ്പെടെ 7 പ്രതികളെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്.
പ്രസ്‌തുത സ്വകാര്യ കമ്പനിയുടെ രണ്ട് ഡയറക്‌ടർമാർ പ്രതികളായ ജീവനക്കാരുമായി ഗൂഢാലോചന നടത്തി പണം വാങ്ങിയെന്നാരോപിച്ച് അറസ്‌റ്റിലായ ഏഴ് പ്രതികളും സ്വകാര്യ കമ്പനിയുടെ രണ്ട് ഡയറക്‌ടർമാരും ഉൾപ്പെടെ പത്ത് പ്രതികൾക്കെതിരെ ജൂൺ 8 ന് സിബിഐ കേസെടുത്തു. എൻഎച്ച്എഐ പ്രസ്‌തുത സ്വകാര്യ കമ്പനിക്ക് നൽകിയ ഝാൻസി - ഖജുരാഹോ പ്രോജക്‌ടുമായി ബന്ധപ്പെട്ട് അന്തിമ കൈമാറ്റം, നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്, അന്തിമ ബില്ലിൻ്റെ പ്രോസസിങ് എന്നീ ആനുകൂല്യങ്ങൾക്കായാണ് കുറ്റാരോപിതരായ എൻഎച്ച്എഐ ഉദ്യോഗസ്ഥർക്ക് സ്വകാര്യ കമ്പനി കൈക്കൂലി നൽകിയത്.