ചണ്ഡീഗഡ്:ഹരിയാന ബിജെപി സംസ്ഥാന പ്രസിഡന്‍റ് മോഹൻ ലാൽ ബദൗലിക്കും ഗായകൻ റോക്കി മിത്തലിനുമെതിരെ ബലാത്സംഗ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് ഹിമാചൽ പ്രദേശിലെ കസൗലി പൊലീസ്. കസൗലി പൊലീസിന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലഭിച്ച പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
കസൗലിയിൽ വെച്ച് മദ്യം നല്‍കി പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതി. സർക്കാർ ജോലി വാഗ്‌ദാനം ചെയ്‌ത മോഹന്‍ ലാല്‍ ബദൗലി തന്നെ പ്രലോഭിപ്പിച്ചതായും, മിത്തൽ തന്‍റെ ആൽബത്തിൽ നടിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌തതായും പരാതിയിൽ പറയുന്നു. ഇതിനു ശേഷമാണ് ഇരുവരും ബലാത്സംഗം ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരാതിക്കാരിയുടെ ഫോട്ടോകളും വീഡിയോകളും ഇവര്‍ പകര്‍ത്തി. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി പരാതിയില്‍ പറയുന്നു. തന്നെ ഒരു കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായും പരാതിക്കാരി പറഞ്ഞു.
വിഷയത്തില്‍ 2024 ഡിസംബർ 13 ന് കസൗലി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും സംഭവം അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. 2023 ജൂലൈ 7ന് ആണ് സംഭവം നടന്നത് എന്നാണ് ഇരയുടെ മൊഴി.