ഹൈദരാബാദ് : വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തിയ സ്‌ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ കേസ്. ബിജെപി സ്ഥാനാര്‍ഥി കെ മാധവി ലതയ്‌ക്കെതിരെയാണ് കേസ്. പര്‍ദ്ദയും ബുര്‍ഖയും ധരിച്ച് ഹൈദരാബാദ് മണ്ഡലത്തിലെ പോളിങ് ബൂത്തിലെത്തിയ വോട്ടര്‍മാരോട് മുഖം വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയും അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുകയും ചെയ്‌തതിനാണ് കേസെടുത്തത്.
സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഹൈദരാബാദ് പൊലീസ് കേസെടുത്തത്. വീഡിയോ പ്രചരിച്ചതോടെ സ്ഥാനാര്‍ഥിക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കാന്‍ ആരാണ് മാധവി ലതയ്‌ക്ക് അധികാരം നല്‍കിയതെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ ചോദിച്ചു. വീഡിയോ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആളിക്കത്തുകയാണ്.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ദൃശ്യം : പോളിങ് ബൂത്തിലെത്തിയ സ്‌ത്രീയോട് അവര്‍ ധരിച്ച ബുര്‍ഖ മാറ്റാന്‍ സ്ഥാനാര്‍ഥി ആവശ്യപ്പെടുന്നു. പിന്നാലെ സ്ഥാനാര്‍ഥി തന്നെ ബുര്‍ഖ ഉയര്‍ത്തുകയും തുടര്‍ന്ന് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുകയും ചെയ്‌തു. അതിന് ശേഷം തൊട്ടടുത്ത് ഇരിക്കുന്ന മറ്റൊരു വോട്ടറോടും സമാന രീതിയില്‍ പെരുമാറുന്നു.
അവരുടെയും ബുര്‍ഖ ലത തന്നെ വലിച്ച് മാറ്റുന്നുണ്ട്. തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച സ്ഥാനാര്‍ഥി നിങ്ങള്‍ ആരാണെന്ന് ചോദിക്കുകയും ചെയ്‌തു. ആരാണെന്ന് തെളിയിക്കാന്‍ മറ്റൊരു തെളിവ് കാണിക്കാനും സ്ഥാനാര്‍ഥി ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട പോളിങ് ഉദ്യോഗസ്ഥനെത്തി എല്ലാം കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് ലതയോട് പറയുന്നതും വീഡിയോയിലുണ്ട്.