ഹൈദരാബാദ്:ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാകുമോ? അല്‍പ്പം മുമ്പാണ് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത് (Can A Chief Minister Be Arrested).
നിയമത്തിന്‍റെ മുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരാണ്. മുഖ്യമന്ത്രിമാര്‍ക്ക് അറസ്റ്റില്‍ നിന്ന് യാതൊരു പരിരക്ഷയുമില്ല. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഏതൊരു വ്യക്തിയെയും നിയമപാലകര്‍ക്ക് അറസ്റ്റ് ചെയ്യാമെന്ന് 1973ലെകോഡ് ഓഫ് ക്രിമിനല്‍ പ്രൊസിജ്യറില്‍ (സിആര്‍പിസി) പറയുന്നു.
എന്നാല്‍ മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരിക്കണം. പ്രസ്‌തുത വ്യക്തി ഒളിവില്‍ പോകാനോ തെളിവ് നശിപ്പിക്കാനോ ഏതെങ്കിലും വിധത്തില്‍ നിയമനടപടികള്‍ തടയാനോ സാധ്യതയുള്ളപ്പോഴാണ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്യാനാകുക എന്നും നിയമത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയാല്‍ മാത്രമേ മുഖ്യമന്ത്രിയെ തത്സ്ഥാനത്ത് നിന്ന് മാറ്റേണ്ടതുള്ളൂ. അന്വേഷണം നേരിടുമ്പോള്‍ സ്ഥാനത്ത് തുടരുന്നതിന് മുഖ്യമന്ത്രിക്ക് വിലക്കില്ല.
നിയമപ്രകാരം രാഷ്‌ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കുമാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണമുള്ളത്. സിവില്‍-ക്രിമിനല്‍ കേസുകളില്‍ പദവിയിലിരിക്കുന്ന ഇവരെ അറസ്റ്റ് ചെയ്യാനാകില്ല. ഇക്കാര്യം ഭരണഘടനയുടെ 361ാം അനുച്ഛേദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ എതിരെ വിചാരണ നടപടികള്‍ വന്നാല്‍ മന്ത്രിസഭയോട് ആലോചിക്കാതെ ഗവര്‍ണര്‍ക്ക് തീരുമാനം കൈക്കൊള്ളാമെന്ന് സുപ്രീം കോടതിയുടെ 2004ലെ ഒരു ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയെയോ നിയമസഭാ സമാജികരെയോ അറസ്റ്റ് ചെയ്യും മുമ്പ് സ്പീക്കറുടെ അനുമതി തേടേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ അറസ്റ്റ് പാടുള്ളൂ.