കേരളം

kerala

ETV Bharat / bharat

കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് അടക്കം തോല്‍വി; രാജ്യത്തെ ഉപതെരഞ്ഞെടുപ്പ് ഫലം വിശദമായി

കര്‍ണാടകയിൽ കോണ്‍ഗ്രസിന്‍റെ തേരോട്ടം. പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ്. യുപിയിലും രാജസ്ഥാനിലും ബിജെപി ആധിപത്യം.

BYELECTION RESULT IN INDIA  ASSEMBLY ELECTION 2024  KARNATAKA BYPOLL RESULT  സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 23, 2024, 8:12 PM IST

ഹൈദരാബാദ്:രാജ്യത്തെ 14 സംസ്ഥാനങ്ങളിലെ 48 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തു വന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്‌ട്രയില്‍ എന്‍ഡിഎ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ കര്‍ണാടക അടക്കമുള്ള പല സംസ്ഥാനങ്ങളിലും സഖ്യത്തിന് കാലിടറുന്ന സ്ഥിതിയാണ് കണ്ടത്. പലയിടങ്ങളിലും ഇന്ത്യ സഖ്യം മുന്നിട്ട് നിന്നപ്പോള്‍ കോണ്‍ഗ്രസിന് പലയിടങ്ങളിലും സിറ്റിങ് സീറ്റ് നഷ്‌ടമാവുകയും ചെയ്‌തു.

കര്‍ണാടക

കോണ്‍ഗ്രസിന്‍റെ തേരോട്ടമാണ് സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ കാണാനായത്. സന്ദൂർ, ഷിഗാവ്, ചന്നപട്ടണ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിനെതിരെ മത്സരിച്ച രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളും കര്‍ണാടകയില്‍ തോറ്റു.

ഷിഗാവിയില്‍ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മകന്‍ ഭരത് ബൊമ്മായിരുന്നു ബിജെപി സ്ഥാനാര്‍ഥി. കോൺഗ്രസിന്‍റെ യാസിർ അഹമ്മദ് ഖാൻ പത്താൻ 13,448 വോട്ടുകള്‍ക്ക് ഭരത് ബൊമ്മയെ തോല്‍പ്പിച്ചു. 1,00,756 വോട്ടുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.

ചന്നപട്ടണ മണ്ഡലത്തില്‍ എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖിൽ കുമാരസ്വാമിയായിരുന്നു ജെഡിഎസ് സ്ഥാനാര്‍ഥി. കോൺഗ്രസിന്‍റെ സിപി യോഗീശ്വര 25,413 വോട്ടുകള്‍ക്കാണ് നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയത്. യോഗീശ്വരയ്ക്ക് 1,12,642 വോട്ടുകൾ ലഭിച്ചു.

സന്ദൂർ മണ്ഡലത്തില്‍ കോൺഗ്രസ് സ്ഥാനാർഥി ഇ അന്നപൂർണ ബിജെപിയുടെ ബംഗാരു ഹനുമന്തുവിനെ പരാജയപ്പെടുത്തി. 93,616 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു അന്നപൂര്‍ണയുടെ വിജയം. 83,967 വോട്ടുകളാണ് ഹനുമന്തുവിന് ലഭിച്ചത്.

പശ്ചിമ ബംഗാൾ

പശ്ചിമ ബംഗാളിലും ബിജെപി തകര്‍ന്നടിയുന്ന കാഴ്‌ചയാണ് കണ്ടത്. ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് നിയമസഭ മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ തന്നെ ആറ് സീറ്റുകളിലും ടിഎംസിയുടെ മുന്‍തൂക്കമായിരുന്നു. നൈഹാത്തി, ഹരോവ, മേദിനിപൂർ, തൽദൻഗ്ര, സീതായ് (എസ്‌സി), മദാഹരിത് (എസ്‌ടി) എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഹരോവയിലും സീതായിലും 1 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തൃണമൂല്‍ സ്ഥാനാര്‍ഥികളുടെ വിജയം. തൃണമൂലിന്‍റെ സംഗീത റോയ് 1,30,636 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സീതായ് (എസ്‌സി) സീറ്റിൽ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ 35,348 വോട്ടുകളാണ് ലഭിച്ചത്. 9,177 വോട്ടുകളോടെ കോൺഗ്രസാണ് മൂന്നാം സ്ഥാനത്ത്.

ഹരോവയിൽ മത്സരിച്ച എസ് കെ റബീഉൽ ഇസ്‌ലാം 1,31,388 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ടിന്‍റെ പിയാറുൾ ഇസ്‌ലാമിന് 25,684 വോട്ടുകൾ മാത്രമാണ് നേടാനായത്. ബിജെപി സ്ഥാനാർഥി ബിമൽ ദാസ് 13,570 വോട്ടും കോണ്‍ഗ്രസ് സ്ഥാനാർഥി ഹബീബ് റീസ ചൗധരി 3765 വോട്ടുകളും നേടി.

ബിജെപി കോട്ടയായിരുന്ന മദാഹരിതിൽ (എസ്‌ടി) ടിഎംസിയുടെ ജയപ്രകാശ് ടോപ്പോ ഇത്തവണ സീറ്റ് പിടിച്ചെടുത്തു. ബിജെപിയുടെ രാഹുൽ ലോഹറിനേക്കാൾ 28,168 വോട്ടുകളാണ് ടിഎംസി സ്ഥാനാര്‍ഥി നേടിയത്. ബിജെപിയുടെ സിറ്റിങ് സീറ്റാണ് തൃണമൂല്‍ പിടിച്ചെടുത്തത്.

നൈഹാട്ടിയിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സനത് ഡെ എതിരാളിയായ രൂപക് മിത്രയെ 49,277 വോട്ടുകൾക്ക് പരാജയപ്പെടുത്തി. സനത് ഡേയ്ക്ക് 78,772 വോട്ടുകൾ ലഭിച്ചു. തൽദൻഗ്രയില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ഫല്‍ഗുനി സിംഘബാബു ബിജെപിയുടെ അനന്യ റോയി ചക്രബര്‍ത്തിയെ 34082 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 98926 വോട്ടുകളാണ് ഫല്‍ഗുനിക്ക് ലഭിച്ചത്. അനന്യ റോയിക്ക് 64844 വോട്ടുകളും ലഭിച്ചു.

മേദിനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സുജോയ് ഹസ്ര ബിജെപിയുടെ സുഭാജിത് റോയിയെ 33996 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 1,15,104 വോട്ടുകളാണ് സുജോയ് ഹസ്രയ്ക്ക് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥിക്ക് 81108 വോട്ടുകളും ലഭിച്ചു. കോൺഗ്രസിന്‍റെ ശ്യാമൾ കുമാർ ഘോഷ് 3,959 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് എത്തി.

യുപിയില്‍ ബിജെപി ആധിപത്യം

അതേസമയം ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ആധിപത്യമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് നടന്ന പത്ത് നിയമസഭ സീറ്റുകളിൽ എട്ടിലും ബിജെപി വിജയിച്ചു. കര്‍ഹാല്‍ മണ്ഡലത്തില്‍ എസ്‌പിയുടെ തേജ് പ്രതാപ് സിങ്ങും മീരാപൂരില്‍ രാഷ്‌ട്രീയ ലോക്‌ദള്‍ സ്ഥാനാര്‍ഥി മിഥിലേഷ് പാലും വിജയിച്ചു.

രാജസ്ഥാനിലും ബിജെപി

രാജസ്ഥാനിലെ 7 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ അഞ്ചിടത്തും ബിജെപി വിജയിച്ചു. ദൗസ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ ദീന്‍ദയാലും ചൊറാസി മണ്ഡലത്തില്‍ ഭാരത് ആദിവാസി അനില്‍ കുമാര്‍ കതാരയും വിജയിച്ചു. ജുൻജുനുവിലെ രാജേന്ദ്ര ഭംബൂ, ദിയോലി-ഉനിയാരയിലെ രാജേന്ദ്ര ഗുർജാർ, സലുംബറിലെ ശാന്ത അമൃത് ലാൽ മീണ എന്നിവരുടേതാണ് പ്രധാന വിജയങ്ങൾ.

എഎപിയുടെ പഞ്ചാബ്

പഞ്ചാബില്‍ ഭരണകക്ഷിയായ ആം ആദ്‌മിയാണ് മുന്നേറിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലത്തില്‍ മൂന്നിലും എഎപി വിജയിച്ചു. ബർണാല മണ്ഡലം കോണ്‍ഗ്രസും നേടി. ബിജെപിക്ക് ഒരു സീറ്റ് പോലും പഞ്ചാബില്‍ നേടാനായില്ല. നാല് മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തായിരുന്നു ബിജെപി.

ഗുജറാത്ത്

ഗുജറാത്തിലെ വാവ് അസംബ്ലി സീറ്റ് കോൺഗ്രസിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ സ്വരൂപ്‌ജി താക്കൂർ കോൺഗ്രസിന്‍റെ ഗുലാബ്‌സിങ് രാജ്‌പുത്തിനെ 2,442 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. വോട്ടെണ്ണലിന്‍റെ അവസാന റൗണ്ടിലാണ് താക്കൂർ മുന്നിലെത്തിയത്.

തൂത്തുവാരി ബിഹാര്‍

അതേസമയം, ബിഹാർ ഉപതെരഞ്ഞെടുപ്പ് എൻഡിഎ തൂത്തുവാരി. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും എന്‍ഡിഎ വിജയിച്ചു. തരാരി, രാംഗഡ്, ബെലഗഞ്ച് മണ്ഡലങ്ങള്‍ ഇന്ത്യ സഖ്യത്തില്‍ നിന്ന് എന്‍ഡിഎ പിടിച്ചെടുത്തു. രാഷ്‌ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ പുതിയ പാർട്ടി ജാൻ സൂരജിന് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനായില്ല.

ഛത്തീസ്‌ഗഡ്‌

ഛത്തീസ്‌ഗഡിലെ റായ്‌പൂര്‍ സിറ്റി സൗത്തില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന്‍റെ ആകാശ്‌ ശര്‍മയെക്കാള്‍ 46,167 വോട്ടിന്‍റെ വിജയമാണ് ബിജെപിയുടെ സുനില്‍ കുമാര്‍ സോണി നേടിയത്.

മേഘാലയ

മേഘാലയിലെ ഗെബെഗ്രെ മണ്ഡലത്തില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മെഹ്താബ് ചാന്ദി അജിതോക് സാംഗ്മ വിജയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് 4594 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മെഹ്‌താബിന്‍റെ വിജയം. 710 വോട്ടുകളുമായി ബിജെപി നാലാം സ്ഥാനത്താണ് മണ്ഡലത്തില്‍.

അസം തൂത്തുവാരി എന്‍ഡിഎ

അസമിലെ അഞ്ച് മണ്ഡലങ്ങളിലും എൻഡിഎ സഖ്യം വിജയിച്ചു. ബിജെപി, അസം ഗണ പരിഷത്ത് (എജിപി), യുണൈറ്റഡ് പീപ്പിൾസ് പാർട്ടി-ലിബറൽ (യുപിപിഎൽ) എന്നിവരാണ് അസമിലെ എന്‍ഡിഎ സഖ്യ കക്ഷികള്‍. ബിജെപിക്ക് മൂന്ന് സീറ്റുകളും സഖ്യകക്ഷികൾ രണ്ട് സീറ്റുകളും നേടി.

ബിജെപിയുടെ ദിഗന്ത ഘടോവൽ, ദിപ്ലു രഞ്ജൻ ശർമ, നിഹാർ രഞ്ജൻ ദാസ് എന്നിവർ ബെഹാലി, സമാഗുരി, ധോലായ് മണ്ഡലങ്ങളിൽ വിജയിച്ചു. എജിപിയുടെ ദിപ്‌തിമോയി ചൗധരി ബോംഗൈഗാവ് സീറ്റിലും യുപിപിഎല്ലിലെ നിർമൽ കുമാർ ബ്രഹ്മ സിഡ്‌ലി നിയമസഭാ സീറ്റിലും വിജയിച്ചു.

മധ്യപ്രദേശ്

മധ്യപ്രദേശിലെ രണ്ട് മണ്ഡലത്തില്‍ ഒന്നില്‍ കോണ്‍ഗ്രസും ഒന്നില്‍ ബിജെപിയും വിജയിച്ചു.

സിക്കിം

സിക്കിമിലെ രണ്ട് മണ്ഡലങ്ങളിലെ സിക്കിം ക്രാന്തികാരി മോര്‍ച്ച സ്ഥാനാര്‍ഥികള്‍ ഏകപക്ഷീയമായി വിജയിച്ചു.

ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡില്‍ ബിജെപിയുടെ ആശ നൗട്ടിയാല്‍ കോണ്‍ഗ്രസിന്‍റെ മനോജ് റാവത്തിനെ 5622 വോട്ടിന് പരാജയപ്പെടുത്തി.

ABOUT THE AUTHOR

...view details