ആസിഫാബാദ് (തെലങ്കാന):കടുവയുടെ ആക്രമണത്തിൽ നിന്ന് ഭർത്താവിനെ അതിസാഹസികമായി രക്ഷിച്ച് ഭാര്യ. തെലങ്കാന, കുമുരം ഭീം ആസിഫാബാദ് ജില്ലയിലെ ദുബ്ബഗുഡെം ഗ്രാമത്തിലാണ് സംഭവം. ഭാര്യയ്‌ക്കൊപ്പം പരുത്തിത്തോട്ടത്തിൽ ജോലിചെയ്യുകയായിരുന്ന റൗത്തു സുരേഷിനാണ് കടുവയുടെ ആക്രമണം നേരിടേണ്ടി വന്നത്. ആക്രമണത്തിൽ സുരേഷിന് ഗുരുതരമായി പരിക്കേറ്റു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശനിയാഴ്‌ച (നവംബർ 30) രാവിലെ 11 മണിക്കാണ് സംഭവം. ഭാര്യ സുജാത അടുത്തുള്ള തോട്ടത്തിൽ പരുത്തി പറിക്കുകയായിരുന്നു. അതിനിടെ കാളവണ്ടിയിൽ പോകുന്നതിനിടെ റൗത്തു സുരേഷിനെ കടുവ ആക്രമിച്ചു. ഉടൻ തന്നെ ഭാര്യ സമയോചിതമായി ഇടപെടുകയും കടുവയുടെ പിടിയിൽ നിന്നും സുരേഷിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.
സുരേഷിൻ്റെ കഴുത്തിൽ കടുവയുടെ നഖം കൊണ്ടിരുന്നു. ഇതിനെ തുടർന്ന് സുരേഷ് ബോധരഹിതനായി. ഭർത്താവ് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് നിന്നിരുന്നതെന്ന് സുജാത പറഞ്ഞു. 'ഭയാനകമായ ഈ ദൃശ്യം കണ്ടപ്പോൾ തന്നെ പെട്ടെന്ന് ഭീതി ഉണ്ടായെങ്കിലും പിന്നീട് ധൈര്യം സംഭരിച്ച് കടുവയെ നേരിടുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന കല്ലുകളും വടികളും ഉപയോഗിച്ചാണ് കടുവയെ നേരിട്ടത്. പ്രത്യാക്രമണത്തിൽ ഭയന്ന കടുവ പിൻവാങ്ങി. പിന്നീട് മറ്റ് കർഷകരെ വിളിച്ച് സുജാത സുരേഷിനെ ആശുപത്രിയിൽ എത്തിച്ചു. ഭയപ്പെട്ട് പിന്തിരിഞ്ഞിരുന്നെങ്കിൽ ഭർത്താവിനെ എന്നെന്നേക്കുമായി നഷ്‌ടപ്പെടുമായിരുന്നു' എന്നും സുജാത പറഞ്ഞു.
വെള്ളിയാഴ്‌ച 21കാരിയായ യുവതി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നാടിനെ നടുക്കിയ മറ്റൊരു സംഭവം കൂടി അരങ്ങേറുന്നത്. അതിനിടെ, കാഗസ്‌നഗർ വെമ്പള്ളി ഫോറസ്റ്റ് സെക്ഷനിൽ ഡ്രോണുകളെ വിന്യസിച്ച് കടുവയെ കണ്ടെത്താനുള്ള ശ്രമവും വനംവകുപ്പ് ആരംഭിച്ചു.
Also Read:വിഹരിയ്‌ക്കാന്‍ ഇടമില്ല; മധ്യപ്രദേശിലെ കടുവ സങ്കേതത്തിൽ നിന്ന് പെണ്‍കടുവ സഞ്ചരിച്ചത് 400 കിലോമീറ്റര്‍