ന്യൂഡൽഹി :തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിന് ആയുധ സംവിധാനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള 375 മില്യൺ ഡോളറിന്‍റെ കരാറിൽ ഒപ്പുവച്ച്, രണ്ടുവർഷത്തിന് ശേഷം, ഇന്ത്യ വെള്ളിയാഴ്‌ച (ഏപ്രിൽ 19) ഫിലിപ്പീൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ ആദ്യ ബാച്ച് കൈമാറി. ദക്ഷിണ ചൈന കടലിൽ അടിക്കടിയുള്ള ഏറ്റുമുട്ടലുകൾ കാരണം ഫിലിപ്പീൻസും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് മിസൈൽ സംവിധാനങ്ങൾ കൈമാറുന്നത്. ബ്രഹ്മോസ് മിസൈൽ സംവിധാനത്തിൻ്റെ മൂന്ന് ബാറ്ററികൾ ഫിലിപ്പീൻസ് അവരുടെ തീരപ്രദേശങ്ങളിൽ വിന്യസിക്കും.
പദ്ധതിയില്‍ പങ്കാളികളായ രാഷ്ട്രങ്ങളിൽ നിന്നുള്ള ഒന്നിലധികം അംഗീകാരങ്ങളോടെയാണ് ഇടപാടിന് അനുമതി ലഭിച്ചത്. ആഗോളതലത്തിൽ പ്രതിരോധ കയറ്റുമതിക്കാരെന്ന നിലയിൽ ഇന്ത്യയുടെ വളർന്നുവരുന്ന കഴിവുകൾക്ക് ഇത് അടിവരയിടുന്നു. ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബ്‌മാസ്‌റ്റർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റാണ് ഫിലിപ്പീൻസിലേക്ക് ആയുധ സംവിധാനം എത്തിക്കാൻ ഉപയോഗിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
2022 ജനുവരിയിൽ, ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിതരണം ചെയ്യുന്നതിനായി ഇന്ത്യ ഫിലിപ്പീൻസുമായി കരാർ പ്രഖ്യാപിച്ചു. ഇത് രാജ്യത്തെ ആദ്യ പ്രധാന പ്രതിരോധ കയറ്റുമതി ഓർഡറായി മാറി. കരാർ പ്രകാരം ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനത്തിനായി മനിലയ്ക്ക് മൂന്ന് മിസൈൽ ബാറ്ററികൾ ലഭിക്കും. ഓപ്പറേറ്റർമാർക്കുള്ള പരിശീലനവും ആവശ്യമായ സംയോജിത ലോജിസ്‌റ്റിക്‌സ് സപ്പോർട്ട് പാക്കേജും ഈ ഇടപാടിൽ ഉൾപ്പെടുന്നു.