ചെന്നൈ (തമിഴ്‌നാട്): ചെന്നൈയിലെ അണ്ണാനഗർ, ജെജെ നഗർ, തിരുതാമിസൈ, തിരുമംഗലം, തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്‌കൂൾ അഡ്‌മിനിസ്‌ട്രേഷൻ ഓഫിസിന്‍റെ ഇ മെയിലിലേക്ക് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത് (Bomb threat to four private schools in chennai by email).
നിങ്ങളുടെ സ്‌കൂളിൽ ഞാൻ ബോംബ് വെച്ചിട്ടുണ്ടെന്നും അത് ഉടൻ പൊട്ടിത്തെറിക്കുമെന്നായിരുന്നു ഇ മെയില്‍ സന്ദേശം. ഇ മെയിൽ കണ്ട് ഞെട്ടിയ സ്‌കൂൾ മാനേജ്‌മെന്‍റ് അണ്ണാനഗർ തിരുമംഗലം പൊലീസിനെ വിവരമറിയിക്കുകയും അണ്ണാനഗർ, ജെ.ജെ. നഗർ, തിരുമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന നാല് സ്വകാര്യ സ്‌കൂളുകളിലും പൊലീസ് പരിശോധന നടത്തുകയും ചെയ്‌തു.
കൂടാതെ രക്ഷിതാക്കളെ വിവരമറിയിച്ച് നാല് സ്വകാര്യ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സുരക്ഷിതമായി വീട്ടിലേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി സ്വകാര്യ സ്‌കൂളിൽ സ്‌നിഫർ ഡോഗിന്‍റെ സഹായത്തോടെ ബോംബ് വിദഗ്‌ധർ പരിശോധന നടത്തുകയും ബോംബ് ഭീഷണി വ്യാജമാണെന്ന് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുകയും ചെയ്‌തു.
അതേസമയം സ്വകാര്യ സ്‌കൂൾ കാമ്പസുകളിൽ പരിശോധന സജീവമാണ്. കൂടാതെ ഇ മെയിൽ വഴി വ്യാജ സന്ദേശമയച്ച വ്യക്തി ആരാണെന്ന് കണ്ടുപിടിക്കാനുളള പൊലീസിന്‍റെ നടപടികൾ പുരോഗമിക്കുകയാണ്.