ഹൈദരാബാദ്:ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യൻ ഭരണഘടന മാറ്റാൻ പദ്ധതിയിടുകയാണ് ബിജെപിയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയിലെ മറ്റ് ഉന്നത നേതാക്കൾ പിന്നാക്ക വിഭാഗങ്ങൾക്കെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2025-ഓടെ ആർഎസ്എസ് അനുശാസിക്കുന്ന രീതിയിലേക്ക് ഭരണഘടന മാറ്റാനാണ് ബിജെപി ആഗ്രഹിക്കുന്നത്.
അത് നടപ്പാക്കുന്നതിനായി ബിജെപിയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണ്ടതായുണ്ട്. '400 പാർ' എന്ന മുദ്രാവാക്യം ഇതിന് വേണ്ടിയാണ്. എസ്‌സി /എസ്എടി / ബിസി / ഒബിസി എന്നീ വിഭാഗങ്ങൾക്കെതിരെ നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയും സർജിക്കൽ സ്ട്രൈക്ക് നടത്തുകയാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
അവരുടെ ഈ നീക്കങ്ങളെ ചെറുക്കൻ ശ്രമിക്കുമ്പോൾ രാഹുൽ ഗാന്ധിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് മോദിയും അമിത് ഷായും. 1978 ലാണ്, പിന്നാക്ക വിഭാഗങ്ങൾക്കും ഒബിസികൾക്കും സംവരണം നൽകുന്നതിനായി മണ്ഡല്‍ കമ്മിഷൻ സ്ഥാപിതമായത്. കമ്മിഷൻ വിവിധ സംവരണങ്ങൾ നേടിയെടുക്കുകയും പ്രധാനമന്ത്രി വിപി സിങ് സംവരണം നടപ്പിലാക്കുകയായിരുന്നെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.
അന്ന് ആർഎസ്എസ് അനുബന്ധ ഗ്രൂപ്പുകൾ മണ്ഡല്‍ കമ്മിഷനെയും സംവരണത്തെയും എതിർത്തിരുന്നു. സുപ്രീം കോടതിയും ബിസി സംവരണം അനുവദിക്കുകയും അത് 50 ശതമാനത്തിലധികമാകാൻ പാടില്ലെന്ന വ്യവസ്ഥയും നൽകുകയായിരുന്നു.