ഇറ്റാനഗർ :അരുണാചൽ പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കവെ ആധികാരിക വിജയത്തിലേക്ക് ബിജെപി. ഭരണകക്ഷിയായ ബിജെപി 15 സീറ്റുകൾ നേടി, 31 സീറ്റുകളിൽ ലീഡുമായി കുതിക്കുകയാണ്. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോള്‍ വ്യക്തമായ ലീഡോടെ തുടർച്ചയായ മൂന്നാം തവണയും ഭരണം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.
വടക്കുകിഴക്കൻ സംസ്ഥാനത്തെ 24 ജില്ലകളിലെ 24 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. അലോങ് (കിഴക്ക്), അലോങ് (പടിഞ്ഞാറ്), അനിനി, ബസാർ, ചാങ്‌ലാങ് (നോർത്ത്), ചാങ്‌ലാങ് (സൗത്ത്), ദാംബുക്, കലക്താങ്, കൊളോറിയങ്, ലെകാങ്, ലികാബാലി (എസ്‌ടി), ലുംല, നാച്ചോ, നംസായ്, നാരി കോയു (എസ്‌ടി), പാലിൻ, പോങ്ചൗ-വക്ക തുടങ്ങി 31 സീറ്റുകളിൽ ബിജെപി സ്ഥാനാർഥികളാണ് ലീഡ് ചെയ്യുന്നത്.
ബോർഡുംസ-ദിയുൻ, ദിരാങ്, ലിറോമോബ, റംഗോങ്, തവാങ് എന്നിവയുൾപ്പെടെ ആറ് സീറ്റുകളിൽ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) സ്ഥാനാർഥികൾ മുന്നിട്ട് നിൽക്കുമ്പോൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) സ്ഥാനാർഥികൾ ബോർഡുംസ-ദിയുൻ, ലെകാങ്, യച്ചൂലി എന്നീ മൂന്ന് സീറ്റുകളിലും പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പിപിഎ) സ്ഥാനാർഥികൾ ദോമുഖ്, മെബോ എന്നീ രണ്ട് സീറ്റുകളിലും മുന്നിലാണ്. ഖോൻസ (ഈസ്റ്റ്) സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥി വംഗ്ലാം സാവിൻ വിജയിച്ചു.
19 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയ കോൺഗ്രസിന് ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 60 അംഗ നിയമസഭയാണ് അരുണാചലിന്‍റേത്. നിലവിലെ മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേയിന്‍ തുടങ്ങിയ പത്തുപേർ മറ്റാരും പത്രിക സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പേമ ഖണ്ഡു മുക്തോ അസംബ്ലി സീറ്റിൽ നിന്നും ചൗന മേയിന്‍ ചൗഖാം (എസ്) സീറ്റിൽ നിന്നുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.