ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാന്‍ ആസൂത്രണം നടക്കുന്നുവെന്ന ആരോപണവുമായി ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് രംഗത്ത്. തിഹാര്‍ ജയിലില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രമേഹ ചികിത്സയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ക്കിടെയാണ് പുതിയ ആരോപണം.
ഒരു പ്രമേഹ രോഗ വിദഗ്‌ധന്‍റെ സേവനം ഡല്‍ഹി എയിംസില്‍ നിന്ന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിഹാര്‍ ജയില്‍ മേധാവിയുടെ കത്ത് എയിംസിന് നല്‍കിയിരുന്നു. എന്നാല്‍ ജയിലിലെ സൗകര്യങ്ങള്‍ പര്യാപ്‌തമാണെന്നായിരുന്നു ബിജെപിയുടെ മറുപടി. അത് കൊണ്ട് തന്നെ ഈ ആവശ്യം തള്ളുകയും ചെയ്‌തു.
കെജ്‌രിവാളിനെ സാവധാനം മരണത്തിലേക്ക് തള്ളി വിടാനായി ഇദ്ദേഹത്തിന് ഇന്‍സുലിനും ഡോക്‌ടറെ കാണാനുള്ള അവസരവും നിഷേധിക്കുന്നുവെന്ന ആരോപണവുമായി കഴിഞ്ഞ ദിവസവും എഎപി രംഗത്ത് എത്തിയിരുന്നു. കുടുംബ ഡോക്‌ടറുമായി വീഡിയോ കോളിന് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും നിഷേധിക്കപ്പെട്ടു.
ശരീരത്തില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാര ഉണ്ടായാല്‍ മരുന്ന് കഴിക്കാതിരുന്നാല്‍ ഇത് അവയവങ്ങളെ ബാധിക്കും. ജയിലില്‍ വച്ച് ഇങ്ങനെ വല്ലതും ഉണ്ടായാല്‍ ഒരു ലഫ്റ്റനന്‍റ് ഗവര്‍ണറിനും അദ്ദേഹത്തിന് വൃക്കയോ കരളോ കൊടുക്കാനാകില്ലെന്നും ഭരദ്വാജ് ചൂണ്ടിക്കാട്ടി.
ജയിലിലായിരിക്കുമ്പോള്‍ നിത്യവും അദ്ദേഹത്തിന്‍റെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാനുള്ള ഉപകരണം ഉപയോഗിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. പതിവായി ഡോക്‌ടറുടെ നിര്‍ദ്ദേശം അനുസരിച്ച് ഇദ്ദേഹത്തിന് ഇന്‍സുലിന്‍ നല്‍കുന്നില്ല.
എന്നാല്‍ അറസ്‌റ്റ് ചെയ്യപ്പെടും മുമ്പ് തന്നെ കെജ്‌രിവള്‍ ആരുടെയും ഉപദേശം ഇല്ലാതെ തന്നെ ഇന്‍സുലിന്‍ എടുക്കുന്നത് നിര്‍ത്തിയിരുന്നു എന്നാണ് ജയിലധികൃതരുട വാദം. മെറ്റ്‌ഫോര്‍മിന്‍ എന്ന ഗുളിക മാത്രമാണ് കഴിക്കുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞെന്നും ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത പ്രമേഹ ബാധിതനും രക്തത്തിലെ അസ്ഥിരമായ പഞ്ചസാരയുടെ അളവും അലട്ടുന്നതിനാല്‍ നിത്യവും തന്‍റെ ഡോക്‌ടറുമായി പതിനഞ്ച് മിനിറ്റ് വീഡിയോ കോളില്‍ സംസാരിക്കണമെന്നും ഇന്‍സുലിന്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി റൂസ് അവന്യൂ കോടതി വിധി പറയാന്‍ മാറ്റി വച്ചതിന് പിന്നാലെയാണ് എഎപിയുടെ പ്രതികരണം.
Also Read:ഇന്‍സുലിന്‍ നിഷേധിച്ച് കെജ്‌രിവാളിനെ മരണത്തിലേക്ക് തള്ളി വിടുന്നു; ആരോപണവുമായി എഎപി
ഡല്‍ഹി മദ്യ നയ അഴിമതിയിലെ ഗൂഢാലോചനയുടെ ആണിക്കല്ല് കെജ്‌രിവാളാണെന്ന് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. മദ്യ വ്യവസായികളുടെ താത്പര്യത്തിന് അനുസരിച്ച് നയരൂപീകരണം നടത്തിയ ശേഷം അവരില്‍ നിന്ന് പല ആനൂകൂല്യങ്ങളും കൈപ്പറ്റിയെന്നാണ് ആരോപണം.