ന്യൂഡൽഹി:സെബിയ്ക്കെതിരെ ഹിൻഡൻബർഗും കോൺഗ്രസും ചേർന്ന് ഗൂഢ ലക്ഷ്യത്തോടെ ആക്രമണം നടത്തിയിട്ടുണ്ടെന്നത് വ്യക്തമാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ലോകത്തിലെ അതിവേഗം വളരുന്നതും ഏറ്റവും ശക്തമായതുമായ സാമ്പത്തിക സംവിധാനങ്ങളിലൊന്നിനെ അപകീർത്തിപ്പെടുത്താനും അസ്ഥിരപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയിൽ കുഴപ്പങ്ങൾ സൃഷ്‌ടിക്കാനുമാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
സെബിയെ അപകീർത്തി പെടുത്താനും കുഴപ്പങ്ങൾ സൃഷ്‌ടിച്ച് അതുവഴി നിക്ഷേപകരെ പിന്തിരിപ്പിച്ച് നഷ്‌ടം ഉണ്ടാക്കുകയെന്നുമുള്ള ലക്ഷ്യമിട്ടുകൊണ്ടാണ് കോൺഗ്രസ് നുണകൾ പ്രചരിപ്പിക്കുന്നത്. താൻ ഈ റിപ്പോർട്ട് വായിച്ചതാണ്. പലപ്പോഴും പറഞ്ഞതാണ് വീണ്ടും വീണ്ടും പറയുന്നത്. നിരവധി ആഗോള ശക്തിയുടെ സഹായത്തോടു കൂടി രാജ്യത്തിന്‍റെ വളർച്ചയെ മന്ദഗതിയിലാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതിനു തങ്ങൾ അനുവദിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ എക്‌സിലെ പോസ്‌റ്റിൽ പറഞ്ഞു.
അതേസമയം രാജ്യത്ത് സാമ്പത്തിക അസ്ഥിരതയും അരാജകത്വവും സൃഷ്‌ടിക്കുന്നതിനായി കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഗൂഢാലോചന നടത്തുന്നുവെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി ആരോപിച്ചു. സെബി ചെയർപേഴ്‌സണെതിരായ ഹിൻഡൻബർഗിൻ്റെ ആരോപണം തങ്ങൾ തള്ളിക്കളഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.