ന്യൂഡല്‍ഹി:രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ പാര്‍ട്ടി ബിജെപിയാണെന്ന് ആം ആദ്‌മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. തെരഞ്ഞെടുപ്പ് കടപ്പത്ര അഴിമതിയില്‍ ഇവരുടെ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആറ് മാസത്തോളം അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിഞ്ഞ നേതാവാണ് സഞ്ജയ് സിങ്. അടുത്തിടെയാണ് സഞ്ജയ് ജാമ്യത്തിലിറങ്ങിയത്.
നിങ്ങള്‍ക്കവരെ ഒന്നിലും വിശ്വസിക്കാനാകില്ല. അവര്‍ അഴിമതികളില്‍ നേരിട്ട് പങ്കുകാരാണ്. ബിജെപിയുടെ ഭരണകാലത്ത് വിവിധ വ്യവസായികളുടെ പതിനഞ്ച് ലക്ഷം കോടി രൂപയുടെ വായ്‌പകള്‍ എഴുതിത്തള്ളി. അവരുടെ കാലത്താണ് നോട്ട് നിരോധനം വന്നതും. തെരഞ്ഞെടുപ്പ് കടപ്പത്രങ്ങളിലൂടെ സംഭാവന നല്‍കിയ വിവിധ കമ്പനികള്‍ക്ക് 3.8 ലക്ഷം കോടിരൂപയുടെ കരാറുകള്‍ നല്‍കി. തെരഞ്ഞെടുപ്പ് കടപ്പത്ര അഴിമതിയില്‍ ഇഡി, സിബിഐ, ഐടി തുടങ്ങിയവരെല്ലാം അന്വേഷണം നടത്തണം. ബിജെപിയാണ് മദ്യനയ അഴിമതി നടത്തിയത്. ഇപ്പോഴും ഇവരില്‍ നിന്ന് പണം കണ്ടെത്തുന്നതായും സഞ്ജയ് സിങ് ആരോപിച്ചു.
മറ്റേതൊരു തടവുകാരന്‍റെയും അവകാശങ്ങള്‍ മാത്രമേ തനിക്ക് ജയിലില്‍ കിട്ടിയുള്ളൂ എന്നും അദ്ദേഹം വെളിപ്പെടുത്തി. ആറ് മാസത്തോളമാണ് തിഹാര്‍ ജയിലില്‍ കഴിഞ്ഞത്. ജയിലിലെ ആദ്യ പതിനൊന്ന് ദിവസങ്ങള്‍ അതികഠിനമായിരുന്നു. മറ്റെല്ലാവര്‍ക്കും ലഭിക്കുന്ന പല അവകാശങ്ങളും തനിക്ക് കിട്ടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈകിട്ട് മൂന്ന് മുതല്‍ ഏഴ് വരെ പുറത്ത് പോകാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ബാഡ്‌മിന്‍റണ്‍ കോര്‍ട്ടില്‍ പോകാന്‍ പോലും തന്നെ അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.