ന്യൂഡൽഹി: ബിജെപിയുടെ 44-ാം സ്ഥാപക ദിനത്തില്‍ പാർട്ടി പ്രവർത്തകർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയെ "ഇന്ത്യയുടെ ഇഷ്‌ടപ്പെട്ട പാർട്ടി" എന്നാണ് മോദി വിശേഷിപ്പിച്ചിരിക്കുന്നത്. വികസനോന്മുഖമായ കാഴ്‌ചപ്പാട്, സദ്ഭരണം, ദേശീയ മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവയിൽ ബിജെപി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
21-ാം നൂറ്റാണ്ടിൽ തങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും, രാഷ്ട്രത്തിന് നേതൃത്വം നൽകാനും കഴിയുന്ന പാർട്ടിയായാണ് ഇന്ത്യയിലെ യുവാക്കൾ ബിജെപിയെ കാണുന്നത്. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളും സ്വപ്‌നങ്ങളും ബിജെപി ഉൾക്കൊള്ളുന്നുവെന്നും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌തുകൊണ്ട് മോദി പറഞ്ഞു. എക്‌സ് അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.
"ഇന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) 44-ാം സ്ഥാപക ദിനത്തിൽ, ഇന്ത്യയുടെ നാനാഭാഗത്തായി വിന്യസിച്ചുകിടക്കുന്ന എല്ലാ പാർട്ടി പ്രവർത്തകർക്കും ഞാൻ എൻ്റെ ആശംസകൾ അറിയിക്കുന്നു. വർഷങ്ങളായി നമ്മുടെ പാർട്ടി കെട്ടിപ്പടുത്ത എല്ലാ മഹത്തായ സ്ത്രീ-പുരുഷന്മാരുടെയും കഠിനാധ്വാനവും, പോരാട്ടങ്ങളും, ത്യാഗങ്ങളും വളരെ ആദരവോടെ ഓർക്കുക.'രാഷ്ട്രം ആദ്യം' എന്ന മുദ്രാവാക്യവുമായി എല്ലായെപ്പോഴും സേവിക്കുന്ന ഇന്ത്യയുടെ പ്രിയപ്പെട്ട പാർട്ടി ഞങ്ങളാണെന്ന് എനിക്ക് വളരെ ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.
140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളും സ്വപ്‌നങ്ങളും നമ്മുടെ പാർട്ടി ഉൾക്കൊള്ളുന്നു എന്നത് വളരെ സന്തോഷകരമായ കാര്യമാണ്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും ഇന്ത്യക്ക് നേതൃത്വം നൽകാനും കഴിയുന്ന ശക്തമായ സംഘടനയായാണ് ഇന്ത്യയിലെ യുവാക്കൾ ഞങ്ങളുടെ പാർട്ടിയെ കാണുന്നത്. 21-ാം നൂറ്റാണ്ടിൽ, അത് കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും, നമ്മുടെ പാർട്ടി സദ്ഭരണത്തെ പുനർനിർവചിച്ചു. ഞങ്ങളുടെ പദ്ധതികളും നയങ്ങളും ദരിദ്രർക്കും അധഃസ്ഥിതർക്കും കരുത്ത് നൽകി.