ന്യൂഡല്‍ഹി: മത്സരപരീക്ഷകളിലെ ക്രമക്കേട് തടയാനുള്ള ബിൽ അവതരിപ്പിച്ച കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹമെന്ന് ഉദ്യോഗാർഥികൾ. ചോദ്യക്കടലാസ് ചോർത്തൽ, ആൾമാറാട്ടം, ഉത്തരക്കടലാസ് തിരിമറി, റാങ്ക് ലിസ്റ്റ് അട്ടിമറി, എന്നിവയടക്കം 20 കുറ്റങ്ങൾ ഉൾപ്പെടുത്തി ഇന്നലെയാണ് ബില്‍ ലോക്‌സഭയിൽ അവതരിപ്പിച്ചത്. പൊതുപരീക്ഷകളിൽ ക്രമക്കേട് കാണിക്കുന്നവർക്ക് 10 വർഷം വരെ ജയിൽ ശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്നതാണ് പൊതുപരീക്ഷ (അന്യായ രീതികൾ തടയുന്നതിനുള്ള) ബിൽ.
ഉദ്യോഗാർഥികൾക്ക് പറയാനുള്ളത്: "പരീക്ഷകളിലുണ്ടാകുന്ന ക്രമക്കേടുകൾ മുഖാന്തരം പരീക്ഷകൾ റദ്ദാക്കുന്നു. ഇതുകൊണ്ട് സാമ്പത്തിക നഷ്‌ടം സമയ നഷ്‌ടം ഉൾപ്പടെ വിവിധ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നു. ഈ ബിൽ ഒരു നിയമമായി പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ, പ്രവേശന പരീക്ഷകളിലെ കോപ്പിയടി നിയന്ത്രിക്കാൻ ഇതുകൊണ്ട് കഴിഞ്ഞാൽ തൊഴിലന്വേഷകർ കൂടുതൽ സന്തുഷ്‌ടരാകും. പരീക്ഷകളിൽ ക്രമക്കേട് നടക്കുന്നതിനാൽ സത്യസന്ധരായ പരീക്ഷാർഥികൾക്ക് അവസരം ലഭിക്കാതെ വരുന്നു". ബിൽ നിയമമായിക്കഴിഞ്ഞാൽ, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാവർക്കും ന്യായമായ സാഹചര്യം ഒരുക്കുമെന്നാണ് ഉദ്യോഗാർഥികളുടെ പ്രതികരണം.