ഭഗൽപൂർ :രോഗം ബാധിച്ച കുട്ടികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ദയാവധം ആവശ്യപ്പെട്ടുകൊണ്ട് അധ്യാപകന്‍റെ കത്ത്. ബിഹാറിലെ ഭഗൽപൂര്‍, നവഗാച്ചിയയിലെ അധ്യാപകനായ ഘൻശ്യാം കുമാറാണ് പ്രധാനമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രി നിതീഷ് കുമാർ, വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കും കത്തെഴുതിയിത്. അധ്യാപകരുടെ സ്ഥലം മാറ്റത്തിന് ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടതിന് പിന്നാലെയാണ് ഘൻശ്യാം ദയാവധം ആവശ്യപ്പെട്ടുകൊണ്ട് കത്ത് അയച്ചത്.
അധ്യാപകന് മൂന്ന് പെണ്‍മക്കളും രണ്ട് ആണ്‍ മക്കളുമാണ് ഉള്ളത്. ഘന്‍ശ്യാം കുമാറിന്‍റെ രണ്ട് ആൺമക്കളും ഡുചെൻ മസ്‌കുലർ ഡിസ്ട്രോഫി ബാധിതരാണ്. രണ്ടുപേരെയും 80 ശതമാനത്തിലധികം വൈകല്യം ബാധിച്ചിട്ടുണ്ട്. മൂത്ത മകന്‍ അനിമേഷ് അമൻ (17) ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. രണ്ടാമത്തെ മകന്‍ അനുരാഗ് ആനന്ദ് (9) മൂന്നാം ക്ലാസിൽ പഠിക്കുന്നു. ഇരുവരും ഓരോ ദിവസവും മരണത്തോടടുത്തു കൊണ്ടിരിക്കുകയാണെന്ന് ഘന്‍ശ്യാം ഇടിവി ഭാരതിനോട് പറഞ്ഞു. തന്നെ സ്ഥലം മാറ്റിയാല്‍ കുട്ടികളെ ആര് സംരക്ഷിക്കുമെന്നും അധ്യാപകന്‍ ചോദിക്കുന്നു.
'ഇതുവരെ 60 ലക്ഷത്തോളം രൂപ രണ്ട് ആൺമക്കളുടെയും ചികിത്സക്കായി ചിലവഴിച്ചെങ്കിലും അവരുടെ രോഗം ഭേദമായിട്ടില്ല. ഏഴോളം സംസ്ഥാനങ്ങളിൽ ഞാന്‍ ഇവരെ ചികിത്സിച്ചു. ഇപ്പോൾ എന്‍റെ മനസ്സിൽ പലതരത്തിലുള്ള കാര്യങ്ങളാണ് വരുന്നത്.' - ഘന്‍ശ്യാം കുമാർ പറഞ്ഞു.