കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ യൂട്യൂബ് നോക്കി ബോംബ് നിര്‍മിച്ച് സ്‌ഫോടനം നടത്തിയ യുവാവ് പൊലീസിന്‍റെ പിടിയില്‍. സൗത്ത് 24 പർഗാനാസ് സ്വദേശിയായ പ്രബീർ ചതോപാധ്യായാണ് (18) അറസ്റ്റിലായത്. ശനിയാഴ്‌ച (ജൂലൈ 13) വൈകിട്ടോടെ തിലിപ്പാറ മേഖലയിലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്.
യൂട്യൂബ് വീഡിയോകള്‍ നോക്കി ബോംബ് നിര്‍മിക്കാന്‍ പഠിച്ച ചതോപാധ്യായ സ്‌ഫോടനം ഉണ്ടാകുമോയെന്ന് പരീക്ഷിച്ചതോടെയാണ് പൊലീസിന്‍റെ വലയിലായത്. ബോംബിന്‍റെ തീവ്രത അളക്കാന്‍ തിലിപ്പാറയില്‍ വച്ച് യുവാവ് സ്‌ഫോടനം നടത്തുകയായിരുന്നു. ശബ്‌ദം കേട്ട് എത്തിയ പ്രദേശവാസികളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്‌തത്. ഇന്നലെ (ജൂലൈ 16) രാത്രിയാണ് യുവാവിനെ പൊലീസ് പിടികൂടിയത്.
അന്വേഷണത്തിന്‍റെ ഭാഗമായി ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബുകളും ബോംബ് നിർമാണ ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ യുവാവിനെ പൊലീസ് ചോദ്യം ചെയ്‌തു. യൂട്യൂബ് നോക്കിയാണ് താന്‍ ബോംബ് നിര്‍മിക്കാന്‍ പഠിച്ചതെന്ന് ചതോപാധ്യായ പൊലീസിന് മൊഴി നല്‍കി. വീഡിയോ കണ്ട താന്‍ ബോംബ് നിര്‍മിക്കാന്‍ നിരവധി ഉപകരണങ്ങള്‍ ശേഖരിക്കുകയും ചെയ്‌തിരുന്നുവെന്നും പറഞ്ഞു.