ന്യൂഡൽഹി: സഭയുടെ കീഴിലുള്ള എയ്‌ഡഡ് സ്‌കൂളുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്‌ത്രീകൾക്കും വൈദികർക്കും നൽകുന്ന ശമ്പളത്തിന് ആദായ നികുതി ബാധകമാണെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ശമ്പളമുള്ള കന്യാസ്‌ത്രീകളെയും വൈദികരെയും ആദായ നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവിധ മിഷനറിമാര്‍ സമര്‍പ്പിച്ച തൊണ്ണൂറോളം ഹർജികൾ സുപ്രീം കോടതി തള്ളി.
ശമ്പള ഗ്രാന്‍റായാണ് സ്‌കൂളിന് പണം നൽകുന്നതെന്നും അതിനാൽ ടിഡിഎസിൽ നിന്ന് ഒഴിവാക്കാനാവില്ലെന്നും ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യാഴാഴ്‌ച വ്യക്തമാക്കി. സ്‌കൂളുകൾക്ക് പണം നൽകുന്നില്ലെന്നും ഇവര്‍ക്ക് ലഭിക്കുന്ന പണം രൂപതയിലേക്കാണ് നേരിട്ട് പോകുന്നതെന്നും ഹർജിക്കാരിൽ ചിലർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദാതാർ ബെഞ്ചിന് മുമ്പാകെ വാദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ ഈ വാദത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച ബെഞ്ച്, സർക്കാർ രൂപതയ്ക്ക് എങ്ങനെ പണം നൽകുമെന്ന് ചോദിച്ചു. സർക്കാർ ഒരിക്കലും രൂപതയ്ക്ക് പണം നൽകില്ലെന്ന് കോടതി പറഞ്ഞു. സർക്കാരിന് മതങ്ങള്‍ക്ക് സംഭാവന നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സ്‌കൂളിനാണ് സര്‍ക്കാര്‍ പണം നല്‍കുന്നതെന്നും വ്യക്തമാക്കി.
ആദായനികുതി നിയമത്തിലെ സെക്ഷൻ 11 പ്രകാരം രൂപത, ചാരിറ്റബിൾ ട്രസ്‌റ്റായി രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതാണെന്നും ബെഞ്ച് നിരീക്ഷിച്ചു.ജോലി ചെയ്‌ത് ശമ്പളം പറ്റുന്ന ഏതൊരു പൗരനും നികുതി നിയമം ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
വൈദികർക്കും കന്യാസ്‌ത്രീകൾക്കും ലഭിക്കുന്ന ശമ്പളം അവര്‍ക്കുള്ളതല്ല എന്നതിനാല്‍ നികുതി ബാധകമല്ലെന്ന് മദ്രാസ് ഹൈക്കോടതിയിലെ സിംഗിൾ ജഡ്‌ജി വിധി പുറപ്പെടുവിച്ചിരുന്നു. പണം ഇവരുടേതല്ലെന്നും രൂപതയ്ക്ക് മാത്രമുള്ളതാണെന്നും അതിനാൽ അവരുടെ ശമ്പളത്തിന് ആദായനികുതി നൽകാനാവില്ല എന്നുമായിരുന്നു ഹൈക്കോടതി ജഡ്‌ജിയുടെ ഉത്തരവ്.
ഈ ഉത്തരവിനെതിരെ ആദായനികുതി വകുപ്പ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് മുമ്പാകെ അപ്പീൽ സമർപ്പിച്ചു. തുടര്‍ന്ന് 2019-ൽ ഈ ഉത്തരവ് റദ്ദാക്കി. ഈ ഉത്തരവാണ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. തുടര്‍ന്നായിരുന്നു സുപ്രീംകോടതി കോടതി വിധി.