മമ്മൂട്ടി നായകനായ 'ഒരു മറവത്തൂർ കനവ്' എന്ന സിനിമയുടെ ചിത്രസംയോജനം നിർവഹിച്ചുകൊണ്ട് മലയാള സിനിമയിലേയ്‌ക്ക് കടന്നുവന്ന വ്യക്‌തിത്വമാണ് രഞ്ജൻ എബ്രഹാം. സ്വന്തം നാട്ടുകാരനായ പ്രൊഡക്ഷൻ കൺട്രോളർ സുഹൃത്ത് വഴിയാണ് രഞ്ജന്‍ എബ്രഹാം സിനിമയില്‍ എത്തുന്നത്. പ്രൊഡക്ഷൻ കൺട്രോളർ സുഹൃത്തില്‍ നിന്നും സംവിധായകൻ ഐവി ശശിയിലേയ്‌ക്ക് എത്തുകയായിരുന്നു രഞ്ജന്‍.
സഹസംവിധായകനായി കൂടെ നിന്നുകൊള്ളാൻ അനുമതിയും നൽകി ഐവി ശശി. അക്കാലത്ത് ഐവി ശശിയുടെ പുതിയ ചിത്രം ആരംഭിക്കുന്നതിന് മൂന്ന് മാസത്തെ കാലതാമസം ഉണ്ടായിരുന്നു. ഈ മൂന്ന് മാസത്തെ ഇടവേളയിൽ രഞ്ജൻ എബ്രഹാം ചിത്രസംയോജനം പഠിക്കാനായി എഡിറ്റർ ജി വെങ്കിട്ടരാമന് അടുത്തെത്തി.
പിന്നീട് നടന്നത് ചരിത്രം. മലയാളം സിനിമ കണ്ട ഏറ്റവും മികച്ച ഫിലിം എഡിറ്ററായി രഞ്ജൻ എബ്രഹാം പിൽക്കാലത്ത് അവരോധിക്കപ്പെട്ടു. നിരവധി ചിത്രങ്ങൾ ജി വെങ്കിട്ട രാമനോടൊപ്പം എഡിറ്റിംഗ് സഹായിയായി പ്രവർത്തിച്ച ശേഷമാണ് ലാൽ ജോസ് സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം 'മറവത്തൂർ കനവി'ന്‍റെ സ്വതന്ത്ര ചിത്രസംയോജകന്‍ ആവുന്നത്.
ആദ്യ ചിത്രം ഹിറ്റായതോടെ ലാൽ ജോസിന്‍റെ രണ്ടാമത്തെ സിനിമയിലും രഞ്ജനെ തന്നെ എഡിറ്ററായി തീരുമാനിച്ചു. ലാൽ ജോസിന്‍റെ ആ തീരുമാനമാണ് മലയാള സിനിമയുടെ ചരിത്ര നിമിഷങ്ങൾക്ക് വഴിവച്ചത്. അതുവരെയും അനലോഗ് രീതിയിൽ എഡിറ്റ് ചെയ്‌തിരുന്ന മലയാളം സിനിമ ആദ്യമായി ഡിജിറ്റലിലേയ്‌ക്ക് ചുവടുവച്ചു.
കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയറിന്‍റെ സഹായത്തോടെ മലയാളത്തിൽ ആദ്യമായി എഡിറ്റ് ചെയ്യുന്ന ചിത്രമാണ് 'ചന്ദ്രനുദിക്കുന്ന ദിക്കിൽ'. ചിത്രം എഡിറ്റ് ചെയ്‌തത് രഞ്ജൻ എബ്രഹാം. ഇപ്പോഴിതാ തന്‍റെ കരിയര്‍ വിശേഷങ്ങളും ആദ്യ ഡിജിറ്റൽ എഡിറ്റിംഗ് സാധ്യമായതിനെ കുറിച്ചും രഞ്ജൻ എബ്രഹാം ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ്.
"ആദ്യ ചിത്രം മറവത്തൂർ കനവ് കഴിഞ്ഞ് ഇടവേളയിലായിരുന്നു ഞാൻ. അക്കാലത്ത് രാജ്യവ്യാപകമായി സിനിമകളിൽ കമ്പ്യൂട്ടർ എഡിറ്റിംഗ് സാധ്യമായി കഴിഞ്ഞു. മലയാളത്തിൽ കമ്പ്യൂട്ടർ എഡിറ്റിംഗിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ട് പോലുമില്ല. അക്കാലത്ത് മുംബൈയിലേക്ക് ഒരു യാത്ര നടത്തി.
അവിടെ സംഘടിപ്പിച്ചിരുന്ന ഒരു ബ്രോഡ്‌കാസ്‌റ്റിംഗ് ടെക്‌നിക്കല്‍ എക്‌സിബിഷനിലാണ് അവിഡ് എന്ന സോഫ്‌റ്റ്‌വെയർ പരിചയപ്പെടുന്നത്. സംഭവം കൊള്ളാമല്ലോ എന്ന് തോന്നി. തുടർന്ന് കമ്പ്യൂട്ടർ എഡിറ്റിംഗ് പഠിക്കാനായി പോയി. എഡിറ്റിംഗിനെ കുറിച്ച് നല്ല ധാരണ ഉള്ളത് കൊണ്ടുതന്നെ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്ന രീതി മനസ്സിലാക്കിയാൽ മാത്രം മതിയായിരുന്നു. ബാക്കിയൊക്കെ നമ്മുടെ ക്രിയേറ്റിവിറ്റി ആണല്ലോ."-രഞ്ജൻ എബ്രഹാം പറഞ്ഞു.
ചന്ദ്രനുദിക്കുന്ന ദിക്കിൽ ഡിജിറ്റൽ എഡിറ്റ് ചെയ്യാൻ തീരുമാനിച്ചപ്പോള്‍ ആരും ആ തീരുമാനത്തെ പിന്തുണച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സിനിമ ഒരിക്കലും ഡിജിറ്റലി എഡിറ്റ് ചെയ്യാൻ സാധിക്കില്ലെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും തനിക്ക് തികഞ്ഞ ആത്‌മവിശ്വാസം ഉണ്ടായിരുന്നെന്ന് രഞ്ജന്‍ കൂട്ടിച്ചേര്‍ത്തു.
"ഇത് വളരെ എളുപ്പമുള്ള ഒരു പ്രക്രിയയാണ്. സാധാരണ അനലോഗ് എഡിറ്റിംഗ് നടത്തുമ്പോൾ നല്ലൊരു അസിസ്‌റ്റന്‍റ് കൂടെയില്ലെങ്കിൽ വലിയ ബുദ്ധിമുട്ടാണ്. ഡിജിറ്റൽ എഡിറ്റിംഗ് ആകുമ്പോൾ ആരുടെയും സഹായം ആവശ്യമില്ല. ഫിലിം വെട്ടി ഒട്ടിക്കുന്ന എഡിറ്റിംഗ് രീതിയിൽ നല്ലൊരു സഹായി ഇല്ലാതെ എഡിറ്റർക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. ഞാൻ നല്ലൊരു എഡിറ്റർ അല്ലെങ്കിലും നല്ലൊരു സഹായി ആയിരുന്നു." -രഞ്ജൻ എബ്രഹാം കൂട്ടിച്ചേര്‍ത്തു.
1999ൽ ആയിരുന്നു 'ചന്ദ്രനുദിക്കുന്ന ദിക്കി'ൽ റിലീസ് ചെയ്യുന്നത്. സംവിധായകൻ ലാൽ ജോസിന്‍റെ പിന്തുണയാണ് മലയാള സിനിമയ്‌ക്ക് മുന്നില്‍ ഡിജിറ്റൽ എഡിറ്റിംഗ് മേഖല തുറന്നുകിട്ടിയതെന്ന് രഞ്ജൻ എബ്രഹാം പറഞ്ഞു.
"സംവിധായകൻ ലാൽ ജോസ് നൽകിയ പിന്തുണയിലാണ് ഡിജിറ്റൽ എഡിറ്റിംഗ് മേഖല മലയാള സിനിമയ്ക്ക് മുന്നിൽ തുറന്നു കിട്ടുന്നത്. അത് വലിയ ചരിത്രപരമായ തീരുമാനമായി. തുടർന്ന് നിരവധി സിനിമകളിൽ ഡിജിറ്റൽ എഡിറ്റിംഗ് സാധ്യമായി. അന്ന് എല്ലാവരും പറയുന്നത് പോലെ പേടിച്ച് പിന്‍മാറിയിരുന്നുവെങ്കിൽ മലയാള സിനിമ പിന്നെയും കുറേനാള്‍ കൂടി പഴയ രീതിയിൽ തന്നെ മുന്നോട്ടു പോയേനെ. ഏതൊരു കാര്യവും സധൈര്യം ചെയ്യാൻ ഒരാൾ മുന്നിട്ടിറങ്ങിയാൽ അതിന്‍റെ റിസൾട്ട് എപ്പോഴും പോസിറ്റീവ് ആയിരിക്കും."-രഞ്ജൻ എബ്രഹാം പറഞ്ഞു.