കാസർകോട്: കടുത്ത വംശനാശ ഭീഷണി നേരിടുന്ന കാതിലക്കഴുകനെ (റെഡ് ഹെഡഡ് വൾചർ) കാസർകോട് കണ്ടെത്തി. മാവുങ്കാലിനടുത്ത് മഞ്ഞംപൊതിക്കുന്നിലാണ് കാതിലക്കഴുകനെ കണ്ടെത്തിയത്. ജില്ലയിൽ ആദ്യമായാണ് ഈ പക്ഷിയുടെ സാന്നിധ്യം കണ്ടെത്തുന്നതെന്ന് പക്ഷി നിരീക്ഷകർ പറയുന്നു.
ഏഷ്യൻ രാജാക്കഴുകൻ എന്നും ഇവ അറിയപ്പെടാറുണ്ട്. പുതിയ കണ്ടെത്തലോടെ കാസർകോട് കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം 407 ആയി ഉയർന്നു. കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ സ്വദേശിയായ പക്ഷി നിരീക്ഷകൻ ശ്രീലാൽ കെ മോഹനാണ് കാതിലക്കഴുകന്‍റെ ചിത്രം പകർത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചുവപ്പുനിറത്തിലുള്ള തലയാണ് കാതിലക്കഴുകന്‍റെ പ്രത്യേകത. ചിറക് വിടർത്തുമ്പോൾ രണ്ടര മീറ്റർ വരെ വീതിയുണ്ട് ഇവയ്ക്ക്. ചെവിയുടെ ഭാഗത്ത് തൊലി തൂങ്ങി നിൽക്കും. കറുപ്പ് നിറമാണ് ശരീരത്തിന്. വയറിന്‍റെ ഭാഗത്ത് വെളുത്ത പൊട്ടുപോലെ കാണാം. പറക്കുമ്പോൾ ഇത് വ്യക്തമായി കാണാനാകും.
ശരാശരി 80 സെന്‍റിമീറ്ററിലേറെ നീളവും അഞ്ച് കിലോ വരെ തൂക്കവുമുണ്ടാകും കാതിലക്കഴുകന്. കാതിലക്കഴുകൻ കൂട്ടമായി ഇര തേടാറില്ല. ഒറ്റയ്ക്കോ ഇണയോടൊപ്പം ചേർന്നോ കാണാറുണ്ട്. നവംബർ മുതൽ ജനുവരി വരെയാണ് പ്രജനന കാലം.
കഴിഞ്ഞ വർഷം നവംബറിൽ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ നിന്ന് തോട്ടിക്കഴുകനെ കണ്ടെത്തിയിരുന്നു. 1970-കൾ വരെ കേരളത്തിന്‍റെ പല ഭാഗത്തും കഴുകന്മാരുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും പിന്നീട് കുറഞ്ഞു. വയനാട് ജില്ലയിൽ നിന്നാണ് മുമ്പ് കാതിലക്കഴുകന്‍റെ ചിത്രങ്ങൾ കൂടുതലായി ലഭിച്ചത്.