റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഝാര്‍ഖണ്ഡില്‍ ആദായനികുതി വകുപ്പിന്‍റെ വ്യാപക റെയ്‌ഡ്. മുഖ്യമന്ത്രി ഹേമന്ത് സോറനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരാളുടേതടക്കമുള്ള വസതികളിലും സ്ഥാപനങ്ങളിലുമാണ് റെയ്‌ഡ്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്‍റെ തുടര്‍ച്ചയായാണ് റെയ്ഡെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്.
തലസ്ഥാനമായ റാഞ്ചിയിലും ജാംഷെഡ്‌പൂരിലുമായി ഒമ്പത് കേന്ദ്രങ്ങളിലാണ് ഒരേ സമയം റെയ്‌ഡ് നടക്കുന്നത്. അതിരാവിലെ തുടങ്ങിയ റെയ്‌ഡ് തുടരുകയാണ്. സിഐഎസ്‌എഫ് സുരക്ഷയിലാണ് റെയ്‌ഡ് പുരോഗമിക്കുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ അടുത്ത സഹായിയായ സുനില്‍ ശ്രീവാസ്‌തവയുമായി ബന്ധമുള്ള ഇടങ്ങളിലാണ് പ്രധാനമായും റെയ്‌ഡ് നടക്കുന്നത്.
അനധികൃത ഖനനവും മദ്യ വില്‍പനയുമായി ബന്ധപ്പെട്ട് അടുത്തയിടെ ഇഡിയും സിബിഐയും നടത്തിയ അന്വേഷണങ്ങളുടെ തുടര്‍ച്ചയായാണ് ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡും നടക്കുന്നത്. നവംബര്‍ 13 നും 20 നും രണ്ട് ഘട്ടങ്ങളിലായി ഝാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റെയ്‌ഡുകളെക്കുറിച്ച് പ്രതികരിച്ച കോണ്‍ഗ്രസ് ഝാര്‍ഖണ്ഡ് ഘടകം സംസ്ഥാനത്ത് ഇതൊന്നും പുതുമയല്ലെന്ന് അഭിപ്രായപ്പെട്ടു. " കേന്ദ്രത്തിലെ ഭരണകക്ഷിയെ എതിര്‍ക്കുന്ന പാര്‍ട്ടിക്കാരുടെ നേതാക്കളുടേയും അവരുടെ ജീവനക്കാരുടേയും വീടുകളില്‍ റെയ്‌ഡ് നടത്തുകയെന്നത് നിത്യസംഭവമായിരിക്കുന്നു. ഇഡിയുടേയും ഇന്‍കം ടാക്‌സിന്‍റേയും റെയ്‌ഡുകളിലൂടെ തെരഞ്ഞെടുപ്പിന് മുമ്പ് ഝാര്‍ഖണ്ഡില്‍ ചുവടുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ഈ നീക്കങ്ങളിലൂടെ പ്രതിപക്ഷ പാര്‍ട്ടികളിലും നേതാക്കളിലും സമ്മര്‍ദ്ദം ചെലുത്തി അവരെ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറ്റി നിര്‍ത്താനാവുമോ എന്നാണ് ബിജെപി നോക്കുന്നത്." കോണ്‍ഗ്രസ് നേതാവ് രാകേഷ് സിന്‍ഹ പറഞ്ഞു. ആദായ നികുതി വകുപ്പിന്‍റെ ഔദ്യോഗിക വിശദീകരണത്തിനു കാത്തിരിക്കാമെന്നായിരുന്നു ബിജെപി വക്താവ് പ്രതുല്‍ സഹാദിയോയുടെ പ്രതികരണം.
"ഝാര്‍ഖണ്ഡിലെ ഭരണ മുന്നണിക്കാര്‍ എന്തിനാണ് ആദായ നികുതി റെയ്‌ഡിനെ തെരഞ്ഞെടുപ്പുമായി കൂട്ടിയോജിപ്പിക്കുന്നതെന്ന് മനസിലാവുന്നില്ല. ആദായ നികുതി വകുപ്പ് റെയ്‌ഡിനെക്കുറിച്ച് നല്‍കുന്ന ഔദ്യോഗിക വിശദീകരണം വരെ കാത്തിരിക്കാനുള്ള ക്ഷമ കാണിച്ചു കൂടേ" എന്ന് ബിജെപി നേതാവ് ചോദിക്കുന്നു.
Also Read:മഹാരാഷ്‌ട്രയിൽ കളം നിറഞ്ഞ് വിമതർ; കൊടിയേറുന്നത് വാശിയേറിയ മത്സരത്തിന്