കേരളം

kerala

ETV Bharat / bharat

ബസ്‌തറില്‍ നടന്നത് ഛത്തീസ്‌ഗഡ് ചരിത്രത്തിലെ ഏറ്റവും വലിയ മാവോയിസ്‌റ്റ് വേട്ട; കണക്കുകള്‍ പറയുന്നത് ഇങ്ങനെ... - Chhattisgarh Maoist Hunt - CHHATTISGARH MAOIST HUNT

ഛത്തീസ്‌ഗഡിലെ ബസ്‌തറില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 33 മാവോയിസ്‌റ്റുകളുടെ മൃതദേഹമാണ് കണ്ടെത്തിയത്.

MAOIST HUNT IN CHHATTISGARH  BASTAR MAOISTS  ഛത്തീസ്‌ഗഡിലെ മാവോയിസ്‌റ്റ് വേട്ട  ഇന്ത്യയിലെ മാവോയിസ്‌റ്റ് വേട്ട
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 5, 2024, 4:28 PM IST

രണ്ട് പതിറ്റാണ്ടിനിടെ നടന്ന ഏറ്റവും വലിയ മാവോയിസ്‌റ്റ് വേട്ടയ്ക്കാണ് ഛത്തീസ്‌ഗഡ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ബസ്‌തറില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 33 മാവോയിസ്‌റ്റുകളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ വര്‍ഷം ഇതുവരെ സുരക്ഷസേന നടത്തിയതില്‍ ഏറ്റവും വലിയ മാവോയിസ്‌റ്റ് വേട്ടയാണിത്. ഈ വര്‍ഷം മാത്രം ഛത്തീസ്‌ഗഡില്‍ 100-ല്‍ അധികം മാവോയിസ്‌റ്റുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

2024 ല്‍ നടന്ന ഏറ്റുമുട്ടലുകള്‍

ഫെബ്രുവരിയിലാണ് ഛത്തീസ്‌ഗഡില്‍ ഈ വര്‍ഷത്തെ ആദ്യ ഏറ്റുമുട്ടലുണ്ടാകുന്നത്. ഫെബ്രുവരി മൂന്നിന് ബസ്‌തറിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഗോമഗൽ ഗ്രാമത്തിന് സമീപമുള്ള വനത്തിൽ നടന്ന വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെടുന്നത്. പിന്നീട് ഇതേമാസം 27 ന് ബീജാപൂരില്‍ ഐഇഡി സ്ഥാപിക്കുന്നതിനിടെ 4 മാവോയിസ്‌റ്റുകള്‍ സുരക്ഷ സേനയുടെ വെടിയേറ്റ് മരിച്ചു.

മാര്‍ച്ച് 27ന് ബസ്‌തർ ഡിവിഷനിലെ ബീജാപൂർ ജില്ലയിൽ സുരക്ഷ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് വനിത കേഡർമാർ ഉൾപ്പെടെ 6 മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു. ബസഗുഡ മേഖലയിലെ ചികുർഭട്ടി, പുസ്ബക ഗ്രാമങ്ങളിലെ വനങ്ങളിൽ അന്ന് വന്‍ ഏറ്റുമുട്ടലാണ് അന്ന് നടന്നത്. തുടര്‍ന്ന് വലിയൊരു ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത് ഏപ്രില്‍ രണ്ടിനാണ്. ബീജാപൂർ ജില്ലയിൽ സുരക്ഷ ഉദ്യോഗസ്ഥരുമായി അന്ന് നടന്ന ഏറ്റുമുട്ടലിൽ 13 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.

ഏപ്രില്‍ 16ന് കാങ്കർ ജില്ലയിൽ ഛത്തീസ്‌ഗഡിലെ പൊലീസിന്‍റെയും ബിഎസ്എഫിന്‍റെയും സംയുക്ത സേനയുമായി ഘോരമായ ഏറ്റുമുട്ടലുണ്ടായി. അന്ന് ഏറ്റുമുട്ടലിൽ 29 പേരാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 30ന് ഛത്തീസ്‌ഗഡിലെ നാരായൺപൂർ, കാങ്കർ ജില്ലകളുടെ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ 09 നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു. ജില്ല റിസർവ് ഗാർഡിന്‍റെയും (ഡിആർജി) പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്‍റെയും (എസ്‌ടിഎഫ്) സംയുക്ത സംഘമാണ് നക്‌സലൈറ്റുകളുടെ ശക്തികേന്ദ്രമായി കണക്കാക്കുന്ന അബുജ്‌മദ് പ്രദേശത്തെ ടെക്‌മെത, കാക്കൂർ ഗ്രാമങ്ങൾക്കിടയിലുള്ള വനത്തിൽ തെരച്ചില്‍ നടത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മേയില്‍ ബീജാപൂരിലും നാരയണ്‍പൂരിലും ദന്തേവാഡയിലുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 20 മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു. ജൂണ്‍ മാസത്തില്‍ നടന്ന വിവിധ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ 38 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന, സിപിഐ മാവോയിസ്റ്റിന്‍റെ സായുധ ഘടകം പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ നാല് അംഗങ്ങളും അന്ന് കൊല്ലപ്പെട്ടിരുന്നു. ജൂണ്‍ 15 ന് നടന്ന ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

ജൂലൈയില്‍ നാരായണ്‍പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ 5 മാവോയിസ്‌റ്റുകളാണ് കൊല്ലപ്പെട്ടത്. ഈ മാസം 3ന് ദന്തേവാഡയില്‍ നടന്ന ഏറ്റുമുട്ടലില്‍ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്നലെ വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

ഇന്ത്യയില്‍ നടന്ന ചില പ്രധാന മാവോയിസ്‌റ്റ് വേട്ടകള്‍

17.07.2024:മഹാരാഷ്‌ട്രയിലെ ഗഡ്‌ചിരോലി ജില്ലയിൽ ആറ് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ 12 പേർ കൊല്ലപ്പെട്ടു. നിരവധി ഓട്ടോമാറ്റിക് ആയുധങ്ങള്‍ മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും കണ്ടെടുത്തിരുന്നു.

16.04.2024:മഹാരാഷ്‌ട്ര അതിർത്തിയോട് ചേർന്ന ബസ്‌തറിലെ കാങ്കർ ജില്ലയിൽ സുരക്ഷ സേന 29 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. രാജ്യത്തുടനീളം നടന്നതില്‍ വെച്ച് രണ്ടാമത്തെ വലിയ മാവോയിസ്റ്റ് വേട്ടയായിരുന്നു ഇത്. കൊല്ലപ്പെട്ടവരിൽ മുതിർന്ന കമാൻഡർമാരായ ശങ്കർ റാവു, ലളിത, വിനോദ് ഗാവ്ഡെ എന്നിവരും ഉണ്ടായിരുന്നു. ഇവരുടെ തലയ്ക്ക് സര്‍ക്കാര്‍ 24 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

13.11.2021: മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ ധനോരയ്ക്ക് സമീപമുള്ള വനമേഖലയിൽ മഹാരാഷ്‌ട്ര പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

23.04.2018 :മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ രണ്ട് വ്യത്യസ്‌ത ഏറ്റുമുട്ടലുകളില്‍ 40 മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നു.

2016 ഒക്‌ടോബർ 24 മുതൽ 27 വരെ: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങള്‍ക്ക് നേരെ അന്ന് വരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ വേട്ട. ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിൽ ചിത്രകൊണ്ട അണക്കെട്ടിന് സമീപം ഒക്‌ടോബർ 24, 25, 27 തീയതികളിലായി നടന്ന ഏറ്റുമുട്ടലില്‍ 30 മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു. ഒഡീഷ പൊലീസും ആന്ധ്രാപ്രദേശ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്‌റ്റുകളെ വധിച്ചത്.

21.11.2014: ദക്ഷിണ ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്)യുമായുള്ള ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും 25 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.

29.06.2012: ഛത്തീസ്‌ഗഡിലെ ദന്തേവാഡയിലെ വനത്തിൽ രാത്രി നടന്ന ഏറ്റുമുട്ടലിൽ സിആർപിഎഫ് ഒരു സ്‌ത്രീ ഉൾപ്പെടെ 20 നക്‌സലൈറ്റുകളെ കൊലപ്പെടുത്തി. ഏറ്റുമുട്ടലില്‍ ആറ് ജവാൻമാർക്ക് പരിക്കേറ്റു.

10.07.2007: ഛത്തീസ്‌ഗഡിലെ നക്‌സൽ ബാധിത പ്രദേശമായ ദന്തേവാഡ ജില്ലയിൽ കാട്ടിൽ നടന്ന ഘോരമായ വെടിവെപ്പിൽ 20 മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും ഒമ്പത് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

Also Read:മാവോയിസ്‌റ്റ് നേതാവ് സിപി മൊയ്‌തീന്‍റെ അറസ്റ്റ്; കബനി ദളത്തിന് അന്ത്യം ?

ABOUT THE AUTHOR

...view details