അയോധ്യ : പുതുതായി പണികഴിപ്പിച്ച രാമക്ഷേത്രത്തിൻ്റെ ചരിത്രപരമായ പ്രാണ പ്രതിഷ്‌ഠയ്ക്ക് ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി. പ്രതിഷ്‌ഠയ്ക്ക് സാക്ഷ്യം വഹിക്കാൻ ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകൾ അക്ഷമരായി കാത്തിരിക്കുകയാണ്. ജനകോടികളുടെ നൂറ്റാണ്ടുകളായുള്ള സ്വപ്‌നം അയോധ്യയിൽ സാക്ഷാത്കരിക്കപ്പെടുമ്പോൾ അതിലേക്ക് നയിച്ച സംഭവ വികാസങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1528: ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ബാബർ ഇന്ത്യ ആക്രമിച്ച് ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി മുഗൾ സാമ്രാജ്യം സ്ഥാപിക്കുന്നത് 1526 ലാണ്. തുടർന്ന് 1528 ലാണ് ബാബറിൻ്റെ സൈന്യാധിപനായിരുന്ന മിർ ബാഖിയുടെ ഉത്തരവ് പ്രകാരം ഒരു പള്ളി നിർമ്മിക്കാൻ ആരംഭിച്ചത്.
1529: ബാബറിൻ്റെ സൈന്യാധിപൻ മിർ ബാഖി ബാബറി മസ്‌ജിദിന്‍റെ നിർമ്മാണം പൂര്‍ത്തിയാക്കി.
1885: പള്ളി നിർമ്മാണം നടന്നത് ശ്രീരാമൻ്റെ ജന്മസ്ഥലത്ത് നിലനിന്ന ക്ഷേത്രം പൊളിച്ചതിന് ശേഷമാണെന്ന് ഹിന്ദു സമൂഹം ആരോപിക്കുന്നു. മസ്‌ജിദിൻ്റെ ഒരു താഴികക്കുടത്തിന് താഴെയുള്ള സ്ഥലത്താണ് ശ്രീരാമൻ്റെ ജന്മസ്ഥലം ഉള്ളതെന്ന് ഹൈന്ദവർ അവകാശപ്പെട്ടു. തുടര്‍ന്ന് നിയമ തർക്കം ആരംഭിച്ചു. മഹന്ത് രഘുബീർ ദാസ് ഈ വിഷയത്തിൽ ആദ്യത്തെ കേസ് ഫയൽ ചെയ്‌തു. പള്ളിയോട് ചേർന്ന ഭൂമിയിൽ ഒരു ക്ഷേത്രം നിർമ്മിക്കണം എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. എന്നാൽ അന്നത്തെ ഫൈസാബാദ് ജില്ല മജിസ്‌ട്രേറ്റ് ഇതിന് അനുമതി നിരസിച്ചു. തുടർന്ന് മഹന്ത് രഘുബീർ ദാസ്, ബാബറി മസ്‌ജിദിൻ്റെ ചബൂത്രയിൽ (മുറ്റത്ത്) ഒരു ക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസാബാദ് കോടതിയിൽ ഒരു കേസ് ഫയൽ ചെയ്‌തു. ഈ ഹർജി ഫൈസാബാദ് കോടതി തള്ളി.
1949: ഡിസംബർ 22-ന് രാത്രിയിൽ ബാബറി മസ്‌ജിദിനുള്ളിൽ രാമവിഗ്രഹം കാണപ്പെട്ടു. ഇതിനെ ഒരു ദൈവിക വെളിപാടായാണ് ഹിന്ദുക്കൾ കണ്ടത്, എന്നാൽ രാത്രിയില്‍ വിഗ്രഹം അകത്ത് കടത്തിയതെന്നാണ് എതിർ വിഭാഗം ആരോപിച്ചത്. വിഗ്രഹം വന്നതോടെ ഹിന്ദുക്കൾ അവിടെ പ്രാർത്ഥന ആരംഭിക്കുന്നു. തുടർന്ന് സർക്കാർ ഈ പ്രദേശത്തെ "തർക്ക ഭൂമി" ആയി പ്രഖ്യാപിക്കുകയും പ്രവേശന കവാടം പൂട്ടുകയും ചെയ്യുന്നു.
1950: ഹിന്ദു പക്ഷം കേസുകൾ ഫയൽ ചെയ്‌തു. രാം ലല്ലയ്ക്ക് പൂജകൾ നടത്താൻ അനുമതി തേടി ഗോപാൽ സിംല വിഹാരദും പരംഹംസ രാമചന്ദ്ര ദാസും ഫൈസാബാദ് കോടതിയിൽ രണ്ട് കേസുകൾ ഫയൽ ചെയ്‌തു. കക്ഷികൾക്ക് പൂജ നടത്താൻ കോടതി അനുമതി നൽകി. അകത്തളത്തിലേ ഗേറ്റുകൾ അടച്ചിടാനും കോടതി ഉത്തരവിട്ടു.
1959: ഹിന്ദു വിഭാഗം മൂന്നാമത്തെ കേസ് ഫയൽ ചെയ്‌തു. ഭൂമിയുടെ അവകാശം ആവശ്യപ്പെട്ട് നിർമോഹി അഖാഡയാണ് മൂന്നാമത്തെ കേസ് ഫയൽ ചെയ്യുന്നത്.
1961: മുസ്‌ലിം വിഭാഗം കേസ് ഫയൽ ചെയ്‌തു. ബാബറി മസ്‌ജിദിന്‍റെ കൈവശാവകാശം തങ്ങൾക്ക് വേണമെന്നാവശ്യപ്പെട്ട് യുപി സുന്നി വഖഫ് ബോർഡാണ് കേസ് ഫയൽ ചെയ്‌തത്. ബാബറി മസ്‌ജിദിൽ നിന്ന് രാമവിഗ്രഹങ്ങൾ നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു.
1984: രാമജന്മഭൂമി പ്രസ്ഥാനം ആരംഭിച്ചു. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രാമജന്മഭൂമി പ്രസ്ഥാനം ആരംഭിക്കാൻ ഒരു സംഘം രൂപീകരിക്കുന്നു. ബിജെപി നേതാവ് എൽ കെ അദ്വാനിയെ പ്രചാരണ നേതാവാക്കി.
1986 ഫെബ്രുവരി 1: ബാബറി മസ്‌ജിദിന്‍റെ അകത്തെ ഗേറ്റ് തുറന്നു. അഭിഭാഷകനായ യു സി പാണ്ഡെ ഫൈസാബാദ് സെഷൻസ് കോടതിയിൽ നല്‍കിയ അപ്പീലിനെ തുടർന്നാണ് ഗേറ്റ് തുറന്നത്. കോടതിയല്ല, ഫൈസാബാദ് ജില്ലാ ഭരണകൂടമാണ് ഗേറ്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടതതെന്നും, അവ തുറക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം.
1989 നവംബർ 9: അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി തർക്ക പ്രദേശത്തിന് സമീപം രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്താൻ വിഎച്ച്പിയെ അനുവദിച്ചു.
1989: തർക്കഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി. അതേ വർഷം തന്നെ രാം ലല്ല വിരാജ്‌മാന്‍റെ പേരിൽ നിർമോഹി അഖാഡ (1959), സുന്നി വഖഫ് ബോർഡ് (1961) എന്നിവരെ കക്ഷികളാക്കി മറ്റൊരു കേസ് ഹൈക്കോടതിയിൽ ഫയൽ ചെയ്‌തു.
1990 സെപ്റ്റംബർ 25: ക്ഷേത്ര പ്രസ്ഥാനത്തിന് പിന്തുണ നേടാൻ എൽ കെ അദ്വാനി സോമനാഥിൽ നിന്ന് (ഗുജറാത്ത്) അയോധ്യയിലേക്ക് (യുപി) രഥയാത്ര ആരംഭിച്ചു. യാത്ര കടന്നുപോകുന്നിടങ്ങളിൽ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നു.
1992 ഡിസംബർ 6: കർസേവകരുടെ വലിയ സംഘം ബാബറി മസ്‌ജിദ് തകർത്തു. കർസേവകർ ആ സ്ഥാനത്ത് ഒരു താത്കാലിക ക്ഷേത്രം നിർമ്മിച്ചു.
1992 ഡിസംബർ 16: മസ്‌ജിദ് തകർത്ത് പത്ത് ദിവസത്തിന് ശേഷം, ഇതിലേക്കും തുടര്‍ന്നുള്ള വര്‍ഗീയ കലാപത്തിലേക്കും നയിച്ച സാഹചര്യങ്ങൾ പരിശോധിക്കാൻ റിട്ടയേഡ് ഹൈക്കോടതി ജസ്‌റ്റിസ് എം എസ് ലിബർഹാന്‍റെ നേതൃത്വത്തിൽ അന്നത്തെ പ്രധാനമന്ത്രി ഒരു കമ്മിറ്റിക്ക് രൂപം നൽകി. കമ്മീഷൻ രൂപീകരിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ചുമതലപ്പെടുത്തിയത്.
1993 ജനുവരി 7: സർക്കാർ അയോധ്യയിലെ തർക്കഭൂമി ഏറ്റെടുക്കുന്നു. അന്നത്തെ നരസിംഹ റാവു സർക്കാർ 67.7 ഏക്കർ ഭൂമി ഏറ്റെടുത്ത് ഒരു ഓർഡിനൻസ് പുറപ്പെടുവിച്ചു. പിന്നീട് അത് ഒരു നിയമമായി പാസാക്കി.
1993 ഏപ്രിൽ 3: അയോധ്യയിലെ ഭൂമിയേറ്റെടുക്കാൻ പാസാക്കിയ നിയമത്തെ ചോദ്യം ചെയ്‌ത് ഇസ്‌മായിൽ ഫാറൂഖി ഉൾപ്പടെയുള്ളവർ അലഹബാദ് ഹൈക്കോടതിയിൽ റിട്ട് ഹർജികൾ സമർപ്പിച്ചു. ആർട്ടിക്കിൾ 139 എ പ്രകാരം സുപ്രീം കോടതി അതിന്‍റെ അധികാരപരിധി പ്രയോഗിച്ച് ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്ന റിട്ട് ഹർജികൾ തീര്‍പ്പാക്കി.
1994: അയോധ്യ നിയമത്തിലെ ചില പ്രദേശങ്ങൾ ഏറ്റെടുക്കാനുള്ള ഭരണഘടന സാധുത 3:2 എന്ന ഭൂരിപക്ഷത്തിൽ സുപ്രീം കോടതി അംഗീകരിച്ചു. എന്തെങ്കിലും പ്രത്യേക പ്രാധാന്യമില്ലാത്ത പള്ളികളിൽ നിസ്‌കരിക്കുക എന്നത് ഇസ്‌ലാമിൽ അവിഭാജ്യമല്ലെന്ന് സുപ്രീം കോടതി വിധിച്ചു. മസ്‌ജിനെ അവിഭാജ്യ ആരാധനാലയമായി കണക്കാക്കാതിരുന്നതിന് വിധി വിമർശിക്കപ്പെട്ടു.
2002 ഏപ്രിൽ: അയോധ്യ തർക്കക്കേസ് ആരംഭിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് അയോധ്യ തർക്കത്തിൽ വാദം കേൾക്കാൻ തുടങ്ങി.