തിരുവനന്തപുരം: കലോത്സവ വേദിയില്‍ താളത്തില്‍ പെയ്‌തിറങ്ങി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ. നവം മേളത്തിൻ്റെ അവസാന 3, 4 കാലങ്ങളും 18, 9 അക്ഷര കാലങ്ങളുമുള്‍പ്പെടെയാണ് പഞ്ചാരി മേളം കൊട്ടിത്തീര്‍ത്തത്. ഇത്തവണ എ ഗ്രേഡ് പ്രതീക്ഷയിലാണ് പൂരങ്ങളുടെ തട്ടകമായ തൃശൂർ ഇരിങ്ങാലക്കുടയിലെ ഹയര്‍ സെക്കൻഡറി വിഭാഗത്തിലെ കുട്ടികള്‍.
അഞ്ച് വർഷമായി പഞ്ചാരി മേളത്തിൽ മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്ന നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മേള സംഘത്തിന് ഇത്തവണ പഞ്ചാരിമേളത്തിലും പഞ്ചവാദ്യത്തിലും എ ഗ്രേഡ് പ്രതീക്ഷയാണുള്ളത്. ഓരോ വർഷവും മേളങ്ങളുടെ ഓരോ കാലങ്ങളിൽ പരീക്ഷണം തീർക്കുന്നവരാണ് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടം തലയിൽ ശ്രീകർ പി.ആര്‍, വിഘ്‌നേഷ് ഇ.യു എന്നിവരും വലം തലയിൽ അശ്വിൻ എം.ബിയും വരുൺ സുധീർ ദാസ് എന്നിവരും കൊട്ടിക്കേറിയപ്പോള്‍ ഇലതാളത്തിൽ മേളം കൊഴുപ്പിക്കാൻ ഭരത് കൃഷ്‌ണയും കാമ്പിലും കുഴലിലും നാദ വിസ്‌മയം തീർക്കാൻ കൃഷ്‌ണ കെ വി, ഋഷവി സുരേഷ് എന്നിവരും അണിനിരന്നു. മേളം ആശാൻ ശരത്തിൻ്റെ ശിഷ്യണത്തില്‍ എത്തിയ കുട്ടികള്‍ അരങ്ങില്‍ കൊട്ടിയ നവം മേളമാണ് ഇത്തവണ കാണികളെ പിടിച്ചിരുത്തിയത്.
ഹയർ സെക്കൻഡറി വിഭാഗം ചെണ്ടമേളം നടക്കുന്ന പൂജപ്പുര സാംസ്‌കാരിക നിലയത്തിൽ കലോത്സവത്തിൻ്റെ മൂന്നാം ദിനം മേളക്കൊഴുപ്പിൻ്റേതായിരുന്നു. മേളങ്ങളുടെ രാജാവായ പഞ്ചാരിയുടെ പല കാലങ്ങൾ പല താളങ്ങൾ കൗമാരങ്ങൾ ആവേശത്തോടെ കൊട്ടി തീർത്തു.
നവം മേളത്തിൻ്റെ 18, 9 അക്ഷരകാലങ്ങൾ തൃശൂരിൻ്റെ മേള പാരമ്പര്യത്തെ ഉറപ്പിച്ചു നിർത്തി. 16 പഞ്ചാരിയും രണ്ട് പാണ്ടിയും വിസ്‌തരിച്ച് കൊട്ടുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ അനുഗ്രഹമേറ്റ കുട്ടികളോട് മേളത്തെകുറിച്ച് അധികമൊന്നും പറഞ്ഞു കൊടുക്കേണ്ടതില്ല എന്നാണ് ആശാൻ ശരത്തിൻ്റെ അഭിപ്രായം.
"ഓരോ വർഷവും ഓരോ കാലങ്ങൾ പരീക്ഷിക്കുകയാണ് ഇരിങ്ങാലിക്കുടയിലെ മിടുക്കന്മാര്‍. അവർക്ക് കലോത്സവ വേദികൾ എന്നും ആവേശം ആണ്. മേളം എന്നാൽ ഞങ്ങൾക്ക് സിരകളിൽ അലിഞ്ഞു ചേർന്ന വികാരം ആണ്. മേളങ്ങളുടെ രാജവാണ് പഞ്ചാരി. ഓരോ വർഷവും പുതിയ കാലങ്ങൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികളെ അണി നിരത്തുന്നത്" - ശരത് പറയുന്നു.
കഴിഞ്ഞ വർഷങ്ങളിൽ അടന്ത, ധ്രുവ കാലങ്ങളിൽ ആണ് കുട്ടികളെ പഠിപ്പിച്ചത്. ഇത്തവണ നവംമേളത്തിൻ്റെ അവസാന 3, 4 കാലങ്ങളാണ് കൊട്ടി തീർത്തത്. 18, 9 അക്ഷരകാലങ്ങൾ ഉൾപ്പെടെ ഒമ്പത് മിനിറ്റ് 18 സെക്കൻഡിലാണ് അവർ അവസാനിപ്പിച്ചതെന്ന് ആശാൻ അവിട്ടത്തൂർ ശരത് പറഞ്ഞു.