ലഖ്‌നൗ :അയോധ്യയിലെ ധനിപൂരിൽ പുതിയ പള്ളി നിർമിക്കുന്നതിനായി സുന്നി സെൻട്രൽ വഖഫ് ബോർഡ് രൂപവത്കരിച്ച ഇന്തോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷന്‍റെ (ഐഐസിഎഫ്) കീഴിലുള്ള നാല് സമിതികൾ പിരിച്ചുവിട്ടു. വിദേശ സംഭാവനകൾക്കായി ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്‌ടിന്‍റെ (എഫ്‌സിആർഎ) അംഗീകാരം നേടുന്നതിനായാണ് ഈ നടപടി സ്വീകരിച്ചത്.
അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി, ഡെവലപ്‌മെന്‍റ് കമ്മിറ്റി - മസ്‌ജിദ് മുഹമ്മദ് ബിൻ അബ്‌ദുല്ല, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി എന്നിവയാണ് പിരിച്ചുവിട്ട സമിതികൾ. ഇതിലൂടെ എഫ്‌സിആർഎയുടെ അനുമതി ഉൾപ്പെടെയുള്ള മസ്‌ജിദ് നിർമാണത്തിനായി വിദേശത്ത് നിന്ന് ഫണ്ട് സ്വരൂപിക്കുന്ന പ്രക്രിയ വേഗത്തിലാക്കും.
വ്യാഴാഴ്‌ച (സെപ്‌റ്റംബർ 19) ചേർന്ന ഐഐസിഎഫ് അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനമെന്ന് ഫൗണ്ടേഷൻ ചീഫ് ട്രസ്‌റ്റിയും യുപി സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാനുമായ സുഫർ ഫാറൂഖി പറഞ്ഞു. മികച്ച ഏകോപനം സ്ഥാപിക്കുമെന്നും വിദേശ സംഭാവനയ്ക്ക് കീഴിൽ ആവശ്യമായ അനുമതികൾ നേടുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യോഗം തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
അയോധ്യയിലെ ധനിപൂർ ഗ്രാമത്തിൽ പള്ളിക്കായി 5 ഏക്കർ സ്ഥലം അനുവദിച്ച് കഴിഞ്ഞ നാല് വർഷത്തിനിടെ ഒരു കോടി രൂപ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്. വിദേശത്ത് നിന്ന് പണം പിരിക്കാൻ അനുമതി നേടാനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് സുഫർ ഫാറൂഖി വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും