ലഖ്‌നൗ: രാഷ്‌ട്രീയക്കാരനായി മാറിയ ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്‍റെയും സഹോദരന്‍ അഷറഫിന്‍റെയും കൊലപാതകത്തില്‍ ആസൂത്രിതമായ ഗൂഢാലോചനയോ പൊലീസിന്‍റെ അലംഭാവമോ ഇല്ലെന്ന് വ്യക്തമാക്കി ജുഡീഷ്യല്‍ കമ്മീഷന്‍. മഴക്കാല സമ്മേളനത്തിന്‍റെ അവസാന ദിവസമായ ഇന്നലെയാണ് റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് നിയമസഭയുടെ മേശപ്പുറത്ത് വച്ചത്.
അലഹബാദ് ഹൈക്കോടതി ജഡ്‌ജി ദിലീപ് ബി ഭോസ്‌ലെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കമ്മീഷനാണ് 2023 ഏപ്രിലില്‍ നടന്ന കൊലപാതകത്തെക്കുറിച്ച് അന്വേഷിച്ചത്. മാധ്യമപ്രവര്‍ത്തകരെന്ന് നടിച്ചെത്തിയ മൂന്നംഗ സംഘമാണ് തൊട്ടടുത്ത് നിന്ന് ഇവരെ വെടിവച്ച് വീഴ്‌ത്തിയത്. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ ആയിരുന്നു സംഭവം. പ്രയാഗ് രാജ് മെഡിക്കല്‍ കോളജിലേക്ക് ഇവരെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടും പോകും വഴി ആയിരുന്നു കൊലപാതകം. ഉമേഷ്‌പാല്‍ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരെയും പൊലീസ് പിടികൂടിയത്.
2005ല്‍ ബിഎസ്‌പി എംഎല്‍എ രാജു പാലിന്‍റെ കൊലപാതകത്തിലെ പ്രധാന ദൃക്‌സാക്ഷി ആയിരുന്നു ഉമേഷ് പാല്‍. രാജുപാലിന്‍റെ കൊലപാതകത്തിലെ മുഖ്യ പ്രതികളായിരുന്നു അതീഖ് അഹമ്മദും മറ്റുള്ളവരും. പൊലീസ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിതെന്ന് പറയാനാകില്ലെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഉമേഷ് പാലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രയാഗ് രാജിലെ ഷാഹ് ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നവരാണ് ഇരുവരും.