കേരളം

kerala

ETV Bharat / bharat

"വാജ്പേയി ആയിരുന്നെങ്കിലും അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേനെ": ശിവസേന നേതാവ് സഞ്ജയ് റാവത്ത് - SANJAY RAUT ON EMERGENCY IMPOSE - SANJAY RAUT ON EMERGENCY IMPOSE

അടിയന്തരാവസ്ഥയ്ക്ക് പിന്തുണയുമായി ശിവസേന. അന്നത്തെ സാഹചര്യത്തില്‍ ബിജെപി ആയിരുന്നു അധികാരത്തിലെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമായിരുന്നുവെന്ന് ശിവസേന നേതാവ്.

ATAL BIHARI VAJPAYEE  SHIV SENA  SANJAY RAUT  ശിവസേന
ശിവസേന നേതാവ് സഞ്ജയ് ദത്ത് (ANI)

By ETV Bharat Kerala Team

Published : Jul 13, 2024, 12:55 PM IST

മുംബൈ: 1975ല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ പിന്തുണച്ച് ശിവസേന (യുബിടി) നേതാവും എംപിയുമായ സഞ്ജയ് റാവത്ത് രംഗത്ത്. അതേസാഹചര്യത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു പ്രധാനമന്ത്രിയെങ്കിലും അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമായിരുന്നുവെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. ശിവസേന സ്ഥാപകന്‍ ബാലാസാഹേബ് താക്കറെയും രാഷ്‌ട്രീയ സ്വയം സേവക് സംഘും (ആര്‍എസ്എസ്) പരസ്യമായി അടിയന്തരാവസ്ഥയെ പിന്തുണച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടിയന്തരാവസ്ഥ ദിനമായ ജൂണ്‍ 25 എല്ലാ വര്‍ഷവും ഭരണഘടന ഹത്യാ ദിനമായി ആചരിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. 1975 ജൂണ്‍ 25നാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ദേശ സുരക്ഷയുടെ ഭാഗമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും സഞ്ജയ് റാവത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവര്‍ക്ക് യാതൊരു പണിയുമില്ല. അടിയന്തരാവസ്ഥ കഴിഞ്ഞ് അന്‍പത് വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്തിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നതിനെക്കുറിച്ചെല്ലാം ജനങ്ങള്‍ മറന്ന് കഴിഞ്ഞു. ചിലര്‍ രാജ്യത്ത് അരാജകത്വം പരത്താന്‍ ശ്രമിക്കുകയാണ്. ജവാന്‍മാരോടും സൈന്യത്തോടും രാംലീല മൈതാനത്ത് നിന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ ഒന്നും അനുസരിക്കരുതെന്ന് രാംലീല മൈതാനത്ത് നിന്ന് ആഹ്വാനം ചെയ്യുകയാണ്. ആ സാഹചര്യത്തില്‍ ആരായാലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കും.

ചിലര്‍ ബോംബുകള്‍ നിര്‍മ്മിക്കുന്നു. അവ രാജ്യത്തെ വിവിധയിടങ്ങളില്‍ സ്ഫോടനം നടത്തുന്നു. അമിത് ഷായ്ക്ക് അടിയന്തരാവസ്ഥയെക്കുറിച്ച് യാതൊന്നുമറിയില്ല. ശിവസേന എന്ന് പറഞ്ഞ് നടക്കുന്നവര്‍ ബാലാ സാഹേബിനെ പുകഴ്ത്തുകയും അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ബാലാ സാഹേബ് താക്കറെയും ആര്‍എസ്എസും അന്ന് അടിയന്തരാവസ്ഥയെ പരസ്യമായി പിന്തുണച്ചിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

താക്കറെ ഇന്ദിരാഗാന്ധിയെയും പിന്തുണച്ചിരുന്നു. അവരെ മുംബൈയിലേക്ക് ക്ഷണിക്കുകയുമുണ്ടായി. രാജ്യത്തെ അരാജകത്വത്തെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് താക്കറെയ്ക്ക് അറിയാമായിരുന്നത് കൊണ്ടാണ് അടിയന്തരാവസ്ഥയെ പിന്തുണച്ചത്. അതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹം ആരാഞ്ഞു. പത്ത് വര്‍ഷത്തെ ബിജെപി ഭരണം രാജ്യത്തിന് എന്താണ് നല്‍കിയത്. അവര്‍ ഭരണഘടനയുടെ സംരക്ഷകരല്ല. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പോലും അന്ന് ഭരണഘടന ഹത്യ നടന്നതായി കരുതിയിട്ടില്ല.

അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ ജനതാ പാര്‍ട്ടി അധികാരത്തലേറി. അവര്‍ക്കും ഭരണഘടനയെ കൊന്നുവെന്ന് തോന്നിയില്ല. ആരാണ് ഈ ബിജെപി, അവര്‍ യാതൊരു പണിയും ചെയ്യുന്നില്ല. അത് കൊണ്ട് ജനങ്ങളുടെ ശ്രദ്ധ മാറ്റാന്‍ ശ്രമിക്കുകയാണ്. നമ്മള്‍ അടിയന്തരാവസ്ഥയെക്കുറിച്ച് പറയുകയാണെങ്കില്‍ പത്ത് വര്‍ഷമായി മോദി സര്‍ക്കാര്‍ ഓരോ ദിവസവും ഭരണഘടനയെ കൊന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ ജൂണ്‍ 26ന് അടിയന്തരാവസ്ഥയെ അപലപിച്ച് കൊണ്ട് ലോക്‌സഭ പ്രമേയം പാസാക്കിയിരുന്നു. സ്‌പീക്കര്‍ ഓംബിര്‍ലയാണ് പ്രമേയം അവതരിപ്പിച്ചത്. 1975 ജൂണ്‍ 25ലെ നടപടിയെ അദ്ദേഹം അപലപിച്ചു. ഇന്ത്യ ചരിത്രത്തിലെ കറുത്ത അധ്യായമെന്നാണ് അദ്ദേഹം അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ചത്.

അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികവേളയില്‍, ഈ നടപടിയെ ശക്തമായി എതിര്‍ത്തവരെയെല്ലാം ബിര്‍ള അഭിനന്ദിച്ചു. അവരാണ് ഇന്ത്യയുടെ ജനാധിപത്യത്തെ സംരക്ഷിച്ചത്. സഭ അടിയന്തരാവസ്ഥയെ ശക്തമായി അപലപിക്കുന്നുവെന്നും ബിര്‍ള പറഞ്ഞു. രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്.

അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങളെല്ലാം കശക്കിയെറിയപ്പെട്ടു. മൗലികാവകാശങ്ങള്‍ ഇല്ലാതായി. ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും അറസ്റ്റ് ചെയ്യപ്പെട്ടു. രാജ്യത്ത് ഭയത്തിന്‍റെ അന്തരീക്ഷം സംജാതമായി. പത്രസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. മാധ്യമസ്ഥാപനങ്ങള്‍ രൂക്ഷമായ സെന്‍സര്‍ഷിപ്പിന് വിധേയമായി. റിപ്പോര്‍ട്ടുകള്‍ പലപ്പോഴും വിലക്കപ്പെട്ടു. ശക്തമായ പൊതുജനപ്രക്ഷോഭത്തെ തുടര്‍ന്ന് 1975ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി അതിദയനീയമായി പരാജയപ്പെട്ടു.

Also Read:അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി 'ഭരണഘടനാ ഹത്യ ദിനം'; വിജ്ഞാപനമിറക്കി കേന്ദ്ര സർക്കാർ

ABOUT THE AUTHOR

...view details