മഹാരാഷ്‌ട്ര: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് വീരമൃത്യു വരിച്ച ശുഭം ഗാഡ്‌ഗെയുടെ മൃതദേഹം കാത്ത് ജന്മനാട്. കഴിഞ്ഞ ചെവ്വാഴ്‌ചയാണ് (ഡിസംബർ 24) സൈനികർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ശുഭം ഗാഡ്‌ഗെ മരിച്ചിരുന്നു. സത്താറ ജില്ലയിലെ കമേരി സ്വദേശിയാണ് ശുഭം ഗാഡ്‌ഗെ. 11 മറാത്ത ലൈറ്റ് ഇൻഫെൻട്രിയിലെ സൈനികനായിരുന്നു അദ്ദേഹം.
ശുഭം ഗാഡ്‌ഗെയുടെ മരണം കമേരി ഗ്രാമത്തെയാകെ ദുഃഖത്തിലാഴ്‌ത്തി. ഗ്രാമത്തിൽ ദുഃഖാചരണവും നടന്നു. ധീരനായ സൈനികൻ്റെ മൃതദേഹത്തിനായുള്ള കാത്തിരിപ്പിലാണ് ഗ്രാമവാസികൾ. അദ്ദേഹത്തിൻ്റെ മൃതദേഹം ഉടൻ ഗ്രാമത്തിലെത്തുമെന്ന് ഗ്രാമവാസികൾ അറിയിച്ചു.
കാമേരി ഗ്രാമത്തിലെ ജില്ലാ പരിഷത്ത് സ്‌കൂളിലായിരുന്നു ശുഭം ഗാഡ്‌ഗെയുടെ പ്രാഥമിക വിദ്യാഭ്യാസം. ഛത്രപതി ശിവാജി കോളജ് ആപ്ഷിംഗ് മിലിട്ടറിയിൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം പിന്നീട് ഇന്ത്യൻ ആർമിയിൽ ചേരുകയായിരുന്നു. കാമേരി, ആപ്‌ഷിംഗ് മിലിട്ടറി ഏരിയയിൽ നിന്നുള്ള നിരവധി സൈനികർ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്‌ഠിക്കുന്നുണ്ട്.
18 സൈനികർ സഞ്ചരിച്ചിരുന്ന ഒരു സൈനിക വാഹനം ചൊവ്വാഴ്‌ചയാണ് (ഡിസംബർ 24) ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 11 മറാഠാ റെജിമെൻ്റിലെ ആറ് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നിയന്ത്രണരേഖയിലേക്ക് (എൽഒസി) പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
മഞ്ഞുമൂടിയ റോഡിൽ തെന്നിയതാണ് അപകട കാരണമെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. അപകട വിവരമറിഞ്ഞയുടൻ ആർമിയുടെ ദ്രുതകർമ്മ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പിന്നാലെ വന്ന സൈനിക വാഹനത്തിലുണ്ടായിരുന്ന സൈനികർ പരിക്കേറ്റവരെ അടുത്തുള്ള സൈനിക ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്കേറ്റ അഞ്ച് സൈനികരുടെയും ജീവന്ർ രക്ഷിക്കാനായില്ല.