ഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നിൽ വിദേശ ശക്തികൾക്ക് ബന്ധമുണ്ടോയെന്ന ചോദ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബംഗ്ലാദേശിൽ നടന്നുകൊണ്ടിരിക്കുന്ന കലാപത്തിന്‍റെയും രാഷ്ട്രീയ പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ നടത്തിയ സർവകക്ഷി യോഗത്തിലാണ് രാഹുൽ ഗാന്ധി ചോദ്യം ഉന്നയിച്ചത്.
ധാക്കയിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശകരങ്ങളുണ്ടോയെന്നും പ്രത്യേകിച്ച് പാക്കിസ്ഥാന് പങ്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല ബംഗ്ലാദേശിലെ അധികാരമാറ്റത്തെ തുടർന്ന് ഇന്ത്യ നേരിടാൻ പോകുന്ന ഹ്രസ്വ - ദീർഘകാല നയതന്ത്ര പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ എടുത്ത നടപടികളെ കുറിച്ചും ലോക്‌സഭാ പ്രതിപക്ഷ നേതാവ് വിദേശകാര്യ മന്ത്രിയോട് ആരാഞ്ഞു. സംഭവത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
അതേസമയം ബംഗ്ലാദേശിൽ പ്രക്ഷോഭം കടുക്കുന്നതായി വരുത്തി തീർക്കുന്ന തരത്തിൽ ഒരു പാക്കിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥൻ തുടർച്ചയായി അദ്ദേഹത്തിന്‍റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലെ മുഖചിത്രം മാറ്റികൊണ്ടിരിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത് നിരീക്ഷിച്ചു വരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ബംഗ്ലാദേശ് സർക്കാരിനെ താഴെയിറക്കിയതിനു പിന്നിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന അഭ്യൂഹങ്ങൾ നേരത്തെ പരന്നിരുന്നു. കൂടാതെ ചൈനയുടെയും പാക്ക് ചാര ഏജൻസിയായ ഐഎസ്ഐയുടെയും കരങ്ങൾ ഇതിനു പിന്നിലുള്ളതായി ഇന്ത്യൻ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് സംശയിക്കുന്നതായും റിപ്പോർട്ടുണ്ട്. സംവരണ വിരുദ്ധ പ്രക്ഷോഭത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കിയതിനു പിന്നിൽ ജമാഅത്ത് ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയാണെന്നാണ് ഇന്‍റലിജെന്‍റ്സ്ൽ നിന്നും ലഭിക്കുന്ന വിവരം.
Also Read: ബംഗ്ലാദേശ് കലാപം; 'അക്രമങ്ങളെ കുറിച്ച് യുഎന്‍ അന്വേഷിക്കണം': യുകെ വിദേശകാര്യ സെക്രട്ടറി ലാമി