റാഞ്ചി (ജാർഖണ്ഡ്): ചംപെയ് സോറനും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ബിജെപിയിൽ ചേരണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ. സംസ്ഥാനം ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന പ്രശ്‌നം നുഴഞ്ഞുകയറ്റക്കാരാണ്. അതിനെക്കുറിച്ച് ഹേമന്ത് സോറനുമായി സംസാരിക്കാൻ ബിജെപി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ചംപെയ് സോറൻ ബിജെപിയിൽ ചേരണമെന്നും തങ്ങളുടെ കൂടെനിന്ന് ശക്തി നൽകണമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. പക്ഷേ അദ്ദേഹം (ചംപെയ് സോറൻ) ഒരു വലിയ നേതാവാണ്. അദ്ദേഹത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഹേമന്ത് സോറനും ബിജെപിയിൽ ചേരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ അഭിപ്രായപ്പെട്ടു.
"ബിജെപി എന്നാൽ ദേശസ്നേഹം എന്നതാണ്. ജാർഖണ്ഡിലെ നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിനായി ഹേമന്ത് സോറനുമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്. ജാർഖണ്ഡിനെ രക്ഷിക്കണം. നമ്മേ സംബന്ധിച്ച് രാജ്യം എന്നത് എന്നും നമുക്ക് ഒന്നാമതാണ്. ഇന്ന് ജാർഖണ്ഡ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം നുഴഞ്ഞുകയറ്റക്കാരാണ്.
ബിജെപിയുടെ ലക്ഷ്യം തെരഞ്ഞെടുപ്പുകാലത്ത് ഓരോ സ്ഥാനാർഥികളും നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുകയെന്നതും നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് ജാർഖണ്ഡിനെ മോചിപ്പിക്കുക എന്നതുമാണ്. ഞങ്ങൾക്ക് ഈ രണ്ട് ആവശ്യങ്ങൾ മാത്രമേയുള്ളു"- ഹിമന്ത ബിശ്വ ശർമ പറഞ്ഞു.