വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണൻ ചിത്രത്തിലൂടെ താര രാജാക്കന്‍മാര്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളും ആഘോഷിച്ചു. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നുവെന്ന വാര്‍ത്തയുടെ നിജസ്ഥിതിയെ കുറിച്ച് സംവിധായകൻ മഹേഷ് നാരായണൻ ഇടിവി ഭാരതിനോട് നേരത്തെ പ്രതികരിച്ചിരുന്നു.
ശ്രീലങ്കയിലാണ് സിനിമയുടെ ചിത്രീകരണം ആദ്യം ആരംഭിക്കുന്നത്. തുടർന്ന് ഹൈദരാബാദ്, ഡൽഹി, വിദേശ രാജ്യങ്ങളായ അസർബൈജാൻ, യുഎഇ തുടങ്ങിയ സ്ഥലങ്ങളിൽ സിനിമയുടെ ചിത്രീകരണം നടക്കും. സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി നാല് ദിവസങ്ങൾക്ക് മുമ്പ് മോഹൻലാൽ ശ്രീലങ്കയിൽ എത്തിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കൊളംബിയയിലേയ്‌ക്ക് വിമാനം കയറിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലേക്ക് പോകാൻ മമ്മൂട്ടിയും ചാക്കോച്ചനും കൊച്ചി വിമാനത്താവളത്തിലൂടെ നടക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
വൈകുന്നേരത്തോടെ മോഹൻലാലും മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ശ്രീലങ്കയിൽ വച്ച് പരസ്‌പരം കണ്ടുമുട്ടി. മൂവരും ഒന്നിച്ച നിമിഷങ്ങൾ ക്യാമറയിൽ പകര്‍ത്തി കുഞ്ചാക്കോ ബോബന്‍ തന്‍റെ സോഷ്യൽ മീഡിയയില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു.
ഫാസിൽ സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ ഹരികൃഷ്‌ണൻസ് എന്ന ചിത്രത്തിലാണ് മൂവരും ഇതിന് മുമ്പ് ഒരു ഫ്രെയിമിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ള സെൽഫിയും ക്യാൻഡിഡ് ചിത്രങ്ങളുമാണ് കുഞ്ചാക്കോ ബോബന്‍ തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ പോസ്‌റ്റ് ചെയ്‌തത്.
"മലയാളത്തിലെ ബിഗ് എംസിനൊപ്പം ഒരു ഫാൻ ബോയ്ക്ക് കിട്ടാവുന്ന ഏറ്റവും മികച്ച നിമിഷം" എന്ന അടിക്കുറിപ്പോടു കൂടിയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പോസ്‌റ്റിന് പിന്നാലെ നിരവധി പേര്‍ രസകരമായ കമന്‍റുകളുമായെത്തി. ശ്രിന്ദ, അനു മോൾ, ധർമജൻ ബോൾഗാട്ടി, രാജേഷ് മാധവൻ, റീനു മാത്യൂസ് തുടങ്ങി താരങ്ങളും കുഞ്ചാക്കോയുടെ പോസ്‌റ്റിന് താഴെ കമന്‍റുകള്‍ ചെയ്‌തിട്ടുണ്ട്.
"സമയമിതപൂർവ്വ സായാഹ്‌നം" എന്ന് രമേഷ് പിഷാരടിയും കുറിച്ചു. 'ഹരികൃഷ്‌ണന്‍സി'ലെ സമയമിതപൂർവ്വ സായാഹ്‌നം എന്ന് തുടങ്ങുന്ന ഗാന രംഗത്തിൽ മമ്മൂട്ടിയും മോഹൻലാലും ചാക്കോച്ചനും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. "മോഹൻലാലിനെയും മമ്മൂട്ടിയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ വ്യഗ്രതയോടെ കാത്തിരിക്കുന്നു" -എന്ന് ഫഹദ് ഫാസിലിന്‍റെ അനിയനും നടനുമായ ഫർഹാൻ ഫാസിലും കുറിച്ചു.
"ഒരു ട്വന്‍റി ട്വന്‍റി കൂടി പോരട്ടെ, ബോക്‌സ് ഓഫീസിന്‍റെ ഗതി എന്താകും?", "ഇൻസ്‌റ്റഗ്രാം ഇപ്പോഴേ കത്തി.. തിയേറ്റർ ഉടനെ കത്തും", "ഞെട്ടിക്കാൻ നിങ്ങൾ റെഡിയാണങ്കിൽ ഞെട്ടാൻ ഞങ്ങളും റെഡിയാണ്", "മലയാളത്തിന്‍റെ മൂന്ന് ചോക്ലേറ്റ്സ്", "ഇതിൽ ആരാ ഇപ്പോ ചോക്ലേറ്റ് ബോയ്", "എന്തെ വീണ്ടും ഒരു ഹരികൃഷ്‌ണൻസ് ഉണ്ടാകുമോ?" തുടങ്ങി രസകരമായ നിരവധി കമന്‍റുകളും കുഞ്ചാക്കോ ബോബന്‍റെ പോസ്‌റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു.
2008ൽ പുറത്തിറങ്ങിയ ട്വന്‍റി ട്വന്‍റി എന്ന ചിത്രത്തിലാണ് ഇരുവരും ഇതിന് മുമ്പ് ഒന്നിച്ചഭിനയിച്ചത്. എന്നാൽ 2014ൽ രഞ്ജിത്ത് സംവിധാനം ചെയ്‌ത് മമ്മൂട്ടി നായകനായ 'കടൽ കടന്നൊരു മാത്തുക്കുട്ടി' എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയിരുന്നു.
Also Read: മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും ശ്രീലങ്കയിലേക്ക്; വീഡിയോ വൈറല്‍