ന്യൂഡല്‍ഹി: താഴ്‌ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ മൂന്നിനും നാലിനുമിടയില്‍ പ്രായമുള്ള നാലില്‍ മൂന്ന് കുഞ്ഞുങ്ങളും പോഷകാഹാരക്കുറവുള്ളതെന്ന് പഠനം. 1820 ലക്ഷം കുട്ടികളാണ് പോഷകാഹാരക്കുറവ് അനുഭവിക്കുന്നത്. ഇത് ഇവരുടെ ആരോഗ്യകരമായ വികാസത്തെ ബാധിക്കുന്നുവെന്നും ലാന്‍സെറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഒരു പരമ്പര ചൂണ്ടിക്കാട്ടുന്നു.
രണ്ടിനും അഞ്ചിനുമിടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. രണ്ട് വയസിന് ശേഷമുള്ള ആയിരം ദിവസങ്ങളെക്കുറിച്ചാണ് പരിശോധിച്ചത്. ഈ ആയിരം ദിവസങ്ങളില്‍ ഇവര്‍ക്ക് മതിയായ പോഷകാഹാരമോ വിദ്യാഭ്യാസമോ ലഭിക്കുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ വികാസത്തില്‍ നിര്‍ണായകമായ ദിനങ്ങളാണ് ഇവയെന്നും പഠനം പറയുന്നു.
ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്കായി കൂടുതല്‍ പണം നീക്കി വയ്ക്കേണ്ടതിന്‍റെ ആവശ്യകതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന നിലവാരമുള്ള ശൈശവ പരിചരണത്തിനും വിദ്യാഭ്യാസ പദ്ധതികള്‍ക്കും ഇത് അത്യന്താപേക്ഷിതമാണ്. പരിശീലനം സിദ്ധിച്ച അധ്യാപകരെയും മതിയായ അധ്യാപക -വിദ്യാര്‍ത്ഥി അനുപാതത്തിനും ഇതാവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇത്തരത്തില്‍ താഴ്‌ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ശിശു പരിചരണത്തിനും വിദ്യാഭ്യാസവുമായി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 0.15 ശതമാനം വേണ്ടിവരും. ചെലവിന്‍റെ എട്ട് മുതല്‍ 19 ഇരട്ടി വരെ അധിക നേട്ടമാകും ഇതിലൂടെ ഉണ്ടാകുക എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
കുഞ്ഞുങ്ങളുടെ വികസനത്തിന് ഊന്നല്‍ നല്‍കുന്ന ഗവേഷകരാണ് പഠനത്തില്‍ പങ്കെടുത്തത്. അടുത്ത ആയിരം ദിവസങ്ങള്‍ കുഞ്ഞുങ്ങളുടെ വികസനത്തിന് നിര്‍ണായകമാണെന്നും ഇവര്‍ കരുതുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ദക്ഷിണാഫ്രിക്കയിലെ വിത്‌വാട്ടര്‍സ്റാന്‍ഡ് സര്‍വകലാശാലയിലെ കാതറിന്‍ ഡ്രെയ്പര്‍ പറയുന്നു.
ശൈശവ പരിചരണവും വിദ്യാഭ്യാസ പദ്ധതികളും ലഭ്യമാകാത്ത കുട്ടികള്‍ക്ക് ശരിയായ പരിപോഷണത്തിനുള്ള അവസരമാണ് നഷ്‌ടമാകുന്നത്. ഇടപെടലിലൂടെ 80 ശതമാനം കുഞ്ഞുങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടു വരാനാകും.
പദ്ധതികള്‍ വര്‍ഷം തോറും പുനപ്പരിശോധിക്കുകയും അവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുമുണ്ട്. ഭക്ഷ്യ സഹായങ്ങള്‍, പോഷകാഹാര സപ്ലിമെന്‍റുകള്‍, പരിചരണം എന്നിവയാണ് ലഭ്യമാക്കേണ്ടതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Also Read: ഇന്ത്യയില്‍ കൂടുതല്‍ മരണങ്ങള്‍ക്ക് കാരണം രക്തസമ്മര്‍ദം ; പഠന റിപ്പോര്‍ട്ട് പുറത്ത്