ന്യൂഡൽഹി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കോടതി മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. സിബിഐ നൽകിയ അപേക്ഷയിലാണ് പ്രത്യേക ജഡ്‌ജി അമിതാഭ് റാവത്തിന്‍റെ ഉത്തരവ്. കോടതിയിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം ഇന്നാണ് (ജൂണ്‍ 26) സിബിഐ കെജ്‌രിവാളിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്‌തത്.
സിബിഐ 5 ദിവസത്തെ കസ്‌റ്റഡിയാണ് ആവശ്യപ്പെട്ടത്. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കെജ്‌രിവാളിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിൽ കുറ്റാരോപിതരായ മറ്റ് ആളുകളോടൊപ്പം തെളിവുകൾ സഹിതം കെജ്‌രിവാളിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് കസ്‌റ്റഡി അനുവദിച്ചതായി ജഡ്‌ജി അറിയിക്കുകയായിരുന്നു.
ഇപ്പോൾ ഒഴിവാക്കിയ എക്സൈസ് നയം രൂപീകരിക്കാൻ നിർദ്ദേശിച്ചത് 'സൗത്ത് ലോബി' എന്ന് വിളിക്കപ്പെടുന്നവരാണെന്നും ഇതിലെല്ലാം മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ഏജൻസികൾ നേരത്തെ അവകാശപ്പെട്ടിരുന്നു. നേരത്തെ, ജാമ്യത്തിന് കേസിൽ ഡൽഹി ഹൈക്കോടതി ഇടക്കാല സ്റ്റേ നൽകിയതിനെ ചോദ്യം ചെയ്‌ത കെജ്‌രിവാളിന്‍റെ ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കാൻ നിശ്ചയിച്ചിരുന്നു.