ഉത്തര കന്നഡ:ഷിരൂരിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചിലിന് സൈന്യം സ്ഥലത്തെത്തി. മേജര്‍ അഭിഷേകിന്‍റെ നേതൃത്വത്തില്‍ ബെലഗാവി ക്യാമ്പില്‍ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘമാണ് തെരച്ചലിനായി ഷിരൂരിലെത്തിയത്. രക്ഷ ദൗത്യം ആറാം ദിവസവം പിന്നിടുമ്പോഴാണ് സൈന്യം എത്തുന്നത്.
പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇന്നലെ കര്‍ണാടക സര്‍ക്കാര്‍ സൈന്യത്തെ വിളിച്ചത്. അതേസമയം ഇന്ന് രാവിലെ 6.30 മുതല്‍ തെരച്ചില്‍ പുനഃരാരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ഇടയ്ക്ക് പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.
നിലവില്‍ ഇന്ത്യന്‍ നാവിക സേന, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിവരാണ് പരിശോധന നടത്തുന്നത്.
മീറ്ററുകളോളം ഉയരത്തിലാണ് നിലവില്‍ മണ്ണിടിഞ്ഞിരിക്കുന്നത്. പ്രദേശത്ത് ഇനിയും മണ്ണ് ഇടിഞ്ഞു വീണേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇടിഞ്ഞു വീണ മണ്ണിന്‍റെ പകുതി പോലും ഇതുവരെ മാറ്റാന്‍ സാധിച്ചിട്ടില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നത്.