ഡല്‍ഹി:പാർലമെന്‍റിലേക്കുള്ള കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്‍റെ വരവും വേഷവുമാണ് ഇപ്പോൾ സാമൂഹി മാധ്യമങ്ങളില്‍ ചർച്ച. കാവി നിറത്തിലുള്ള 'നമോ ഹാട്രിക്' എന്നെഴുതിയ ഹൂഡി ധരിച്ചാണ് മന്ത്രി പാര്‍ലമെന്‍റിലെത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ലമെന്‍റിന്‍റെ അവസാന ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.
പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, രാജ്യത്തിന്‍റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടി പ്രധാനമന്ത്രി തുടർന്നും പ്രവർത്തിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 10 വർഷമായി പാവപ്പെട്ടവരുടെ ക്ഷേമവും രാജ്യത്തിന്‍റെ വികസനവും നല്ല രീതിയില്‍ സാധ്യമായിട്ടുണ്ട്. മൂന്നാം തവണയും മോദി സർക്കാരിനെ കൊണ്ടുവരാൻ രാജ്യത്തെ ജനങ്ങൾ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടെന്നും അനുരാഗ് താക്കൂർ കൂട്ടിച്ചേര്‍ത്തു.