ന്യൂഡല്‍ഹി : അപകടകാരികളായ 23 ഇനം നായ്ക്കളുടെ വിൽപ്പനയും പ്രജനനവും നിരോധിക്കാനുള്ള കേന്ദ്ര നിർദേശത്തിനെതിരെ മൃഗ സ്‌നേഹികളുടെ സംഘടന. നായകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റ് മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടതെന്ന് സംഘടന ആവശ്യപ്പെട്ടു. വളർത്തുനായകളുടെ ആക്രമണത്തിൽ ആളുകൾ മരിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വീലർ, മാസ്റ്റിഫ് തുടങ്ങിയ 23 ഇനം അപടകടകാരികളായ നായ്ക്കളുടെ വിൽപ്പനയും പ്രജനനവും നിരോധിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്.
നിരോധനത്തില്‍, ഫ്രണ്ട്‌കോസ് എസ്ഇസിഎയുടെ വൈസ് പ്രസിഡന്‍റും വൈൽഡ് ലൈഫ് എസ്ഒഎസ് സ്ഥാപക സെക്രട്ടറിയുമായ ഗീത ശേഷമണി ആശങ്ക പ്രകടിപ്പിച്ചു. ഒരു നായയും ജന്മസിദ്ധമായ ക്രൂരതയല്ല കാണിക്കുന്നത് എന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തമുള്ള ഉടമസ്ഥരുടെയും പരിശീലനത്തിന്‍റെയും പ്രാധാന്യം ഗീത ശേഷമണി വിശദീകരിക്കുന്നു.
'ഒരു നായയും ക്രൂരരായി ജനിക്കുന്നില്ല. അവയെ കൈകാര്യം ചെയ്യുന്ന രീതിയും പരിശീലിപ്പിക്കുന്ന രീതിയുമാണ് അത്തരം അപകടങ്ങളിലേക്ക് നയിക്കുന്നത്. ഓരോ ഇനത്തിനും അതിന്‍റേതായ സവിശേഷതകളുണ്ട്. വലിയ ഇനങ്ങളുടെ ആവശ്യകതകൾ മനസിലാക്കാതെ, സ്റ്റാറ്റസ് സിംബലിന് മാത്രമായി പലരും നായകളെ വാങ്ങുന്നുണ്ട്. പക്ഷേ അവയെ ശരിയായ രീതിയില്‍ പരിശീലിപ്പിക്കാനോ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാനോ അവർക്ക് ആവശ്യമായ പോഷണവും വ്യായാമവും അച്ചടക്കവും നൽകാനോ ശ്രമിക്കാറില്ല' - ശേഷമണി മാധ്യമങ്ങളോട് പറഞ്ഞു.
ബ്രീഡുകളുടെ സാമാന്യവത്‌കരണത്തിന്‍റെ അപകടത്തെ പറ്റിയും അവര്‍ ചൂണ്ടിക്കാട്ടി. നല്ല രീതിയില്‍ പെരുമാറുന്ന നായകള്‍ പോലും അവരുടെ ഇനത്തിലെ നായകള്‍ ചെയ്യുന്ന ക്രൂരതകളുടെ പേരില്‍ അപകീര്‍ത്തിപ്പെടുത്തപ്പെടുന്നു. പിഇടിഎ ഇന്ത്യയുടെ പ്രതിനിധി ശൗര്യ അഗർവാളും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്. നിരോധനത്തോട് എതിരഭിപ്രായം പങ്കുവച്ച്, ചൂഷണങ്ങളിൽ നിന്ന് നായകളെ സംരക്ഷിക്കാനുള്ള നടപടികള്‍ വേണമെന്ന് ശൗര്യ ആവശ്യപ്പെട്ടു.
ചില ബ്രീഡുകളെ അന്യായമായി ടാർഗെറ്റ് ചെയ്യുന്ന നിരോധനത്തേക്കാൾ, നായയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ സമീപനം വേണമെന്ന് ശൗര്യ പറഞ്ഞു. വളർത്തുമൃഗങ്ങളായി പരിപാലിക്കുന്ന 23 ഇനം അപകടകാരികളായ നായകളുടെ പ്രജനനം തടയാൻ വന്ധ്യംകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മാർച്ച് 12ന് ആണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്ത് അയച്ചത്. ചില ഇനം നായ്ക്കളെ നിരോധിക്കണമെന്ന് സിറ്റിസൺ ഫോറങ്ങൾ, ആനിമൽ വെൽഫെയർ ഓർഗനൈസേഷനുകൾ (എഡബ്ല്യുഒകൾ) എന്നിവയിൽ നിന്ന് നിവേദനം ലഭിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.