തിരുപ്പതി : ആന്ധ്രാപ്രദേശില്‍ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവര്‍ക്ക് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ അനുവാദം നല്‍കൂ എന്ന് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവര്‍ക്ക് മാത്രമേ സർപഞ്ച്, മുനിസിപ്പൽ കൗൺസിലർ അല്ലെങ്കിൽ മേയർ ആകാൻ കഴിയൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനസംഖ്യാ കുറവ് തടയാനാണ് പുതിയ നയമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒരു കാലത്ത്, കൂടുതൽ കുട്ടികളുള്ള വ്യക്തികൾക്ക് പഞ്ചായത്ത് (തെരഞ്ഞെടുപ്പ്) അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ അനുവാദമില്ലായിരുന്നു. ഇപ്പോൾ ഞാൻ പറയുന്നത് കുറഞ്ഞ കുട്ടികളുള്ള വ്യക്തികൾക്ക് മത്സരിക്കാൻ കഴിയില്ല എന്നാണ്. നിങ്ങൾക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ മാത്രമേ നിങ്ങൾ ഒരു സർപഞ്ച്, മുനിസിപ്പൽ കൗൺസിലർ, കോർപ്പറേഷൻ ചെയർമാൻ അല്ലെങ്കിൽ മേയർ ആകാന്‍ കഴിയുകയുള്ളൂ' - അദ്ദേഹം നരവാരിപള്ളെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏകദേശം 15 വർഷത്തിനുള്ളിൽ സ്ഥിരമായ ഫെർട്ടിലിറ്റി നിരക്ക് ഉണ്ടായിരിക്കാനുള്ള ഗുണം ഉത്തരേന്ത്യയ്ക്ക് നഷ്‌ടപ്പെട്ടേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഴയ തലമുറയ്ക്ക് കൂടുതൽ കുട്ടികളുണ്ടായിരുന്നു എന്നും ഇപ്പോഴത്തെ തലമുറ അത് ഒരു കുട്ടിയിലേക്ക് ചുരുക്കിയെന്നും ചന്ദ്രബാബു നായിഡു ചൂണ്ടിക്കാട്ടി.
ഇന്നത്തെ ചില 'ബുദ്ധിമാന്‍മാരായ' ആളുകൾ ജീവിതം ആസ്വദിക്കാൻ ഡബിള്‍ ഇന്‍കം നോ കിഡ്‌സ് (DINK) എന്ന ആശയത്തിലേക്ക് പോകുന്നുണ്ട് എന്നും ചന്ദ്രബാബു നായിഡു പരിഹസിച്ചു. ഈ ചിന്താഗതിയുള്ളവരുടെ മാതാപിതാക്കൾ ഇവരെപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ ഇവർ ഈ ലോകത്തേക്ക് വരില്ലായിരുന്നു എന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.