ബിദാര്‍: എടിഎമ്മിലേക്ക് പണം കൊണ്ടുവരുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ഉണ്ടായ വെടിവയ്‌പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ബിദാര്‍ നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മെയിൻ ബ്രാഞ്ചിനു മുന്നിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സുരക്ഷാ ഏജൻസി ജീവനക്കാര്‍ക്കു നേരെ അക്രമികള്‍ ആദ്യം മുളകുപൊടി എറിയുകയായിരുന്നു, ശേഷം വെടിയുതിര്‍ത്തു.
ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ആക്രമണത്തിന് ശേഷം 93 ലക്ഷം രൂപ കൊള്ളയടിച്ചു. എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള പണവുമായി എത്തിയ വാനിനെ രണ്ട് ബൈക്കുകളിലായി ആക്രമികള്‍ പിന്തുടരുകയായിരുന്നുവെന്നും എസ്‌ബിഐ ബ്രാഞ്ചിന് മുന്നിലെത്തിയപ്പോള്‍ വെടിയുതിര്‍ക്കുകയും 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.
വാഹനത്തിലുണ്ടായിരുന്ന ഗാർഡുമാരിൽ ഒരാളായ ഗിരി വെങ്കിടേഷ് വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരു ഗാർഡ് ശിവകുമാറിന് ഗുരുതരമായി പരിക്കേറ്റു. ശിവകുമാറിന്‍റെ നില അതീവഗുരുതരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊലീസ് റിപ്പോർട്ട് പ്രകാരം മുഖംമൂടി ധരിച്ചാണ് രണ്ട് അക്രമികള്‍ ഗാര്‍ഡുകള്‍ക്കു നേരെ അഞ്ച് റൗണ്ട് വെടിയുതിർത്തത്. കറുത്ത ജാക്കറ്റും തൊപ്പിയും ഇവര്‍ ധരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ബിദാർ നഗരത്തിലെ ശിവാജി ചൗക്കിലെ എടിഎമ്മിൽ പണം നിക്ഷേപിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ ഗാർഡ് ശിവകുമാർ ബിദാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബിംസ്) ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു.
അക്രമികളെ കല്ലെറിഞ്ഞ് പിടികൂടാൻ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ഗിരി വെങ്കിടേഷും ശിവകുമാറും സിഎംഎസ് ഏജൻസിയിലെ ജീവനക്കാരായിരുന്നുവെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിദാർ പൊലീസ് സൂപ്രണ്ട് (എസ്‌പി) പ്രദീപ് ഗുണ്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Read Also: വാക്കു തർക്കം; ചിൽഡ്രൻസ് ഹോമിൽ 17 കാരനെ തലക്കടിച്ച് കൊന്ന് 15 കാരന്‍